ചേസേഴ്സിന് വിജയം ഒരുക്കി സൂരജ് ഹരീന്ദ്രന്‍-ആരോണ്‍ കൂട്ടുകെട്ട്

- Advertisement -

സെലസ്റ്റിയല്‍ ട്രോഫിയില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ വിജയം കരസ്ഥമാക്കി ചേസേഴ്സ് സിസി. ഇന്ന് ആദ്യം ബാറ്റ് ചെയ്ത രഞ്ജി സിസി നല്‍കിയ 192 റണ്‍സ് ലക്ഷ്യം 23.3 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ചേസേഴ്സ് നേടിയത്. 37/5 എന്ന നിലയിലേക്ക് തകര്‍ന്ന ടീമിനെ ആറാം വിക്കറ്റില്‍ ഒത്തുകൂടിയ സൂരജ് ഹരീന്ദ്രന്‍-ആരോണ്‍ കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

ഇരുവരും ചേര്‍ന്ന് 129 റണ്‍സാണ് ആറാം വിക്കറ്റില്‍ നേടിയത്. 38 പന്തില്‍ നിന്ന് 3 വീതം സിക്സും ഫോറും നേടിയ ആരോണ്‍ 61 റണ്‍സ് നേടി പുറത്തായെങ്കിലും സൂരജ് പുറത്താകാതെ നിന്ന് ടീമിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു. 58 പന്തില്‍ നിന്ന് 76 റണ്‍സാണ് സൂരജ് നേടിയത്. രഞ്ജി സിസിയ്ക്കായി അരവിന്ദ് രാജേഷ് നാല് വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത രഞ്ജിയ്ക്കായി ഓപ്പണര്‍ അഭിഷേക് പ്രതാപ് ആണ് തിളങ്ങിയത്. 47 പന്തില്‍ നിന്ന് 71 റണ്‍സ് നേടിയ അഭിഷേകിനൊപ്പം ഫര്‍സാന്‍(36), ബാസിത് അബ്ദുള്‍(21) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. 25 ഓവറില്‍ ടീം 191 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു.

ചേസേഴ്സിന് വേണ്ടി ആരോണ്‍, അഖില്‍, ആകാശ് അയ്യര്‍, അജിന്‍ ദാസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

Advertisement