40 റണ്‍സിന് ഓള്‍ഔട്ട് ആയി കോഴിക്കോട് ഡിസിഎ, 7 വിക്കറ്റ് വിജയം നേടി പ്രതിഭ സിസി സെമിയിലേക്ക്

സെലസ്റ്റിയല്‍ ട്രോഫിയുടെ സെമി ഫൈനലില്‍ പ്രവേശിച്ച് പ്രതിഭ സിസി. ഇന്ന് നടന്ന മത്സരത്തില്‍ കോഴിക്കോട് ഡിസിഎ ടീമിനെതിരെ ആധികാരിക വിജയവുമായാണ് ടീം സെമിയില്‍ കടന്നത്. ആദ്യം ബാറ്റ് ചെയ്ത കോഴിക്കോട് 16.4 ഓവറില്‍ 40 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടി അശ്വന്തും പികെ മിഥുനുമാണ് പ്രതിഭ ബൗളര്‍മാരില്‍ തിളങ്ങിയത്. 16 റണ്‍സ് നേടിയ ഹഫീഫ് ആണ് കോഴിക്കോടിന്റെ ടോപ് സ്കോറര്‍. മൂന്നോവറില്‍ നിന്ന് 3 റണ്‍സ് മാത്രം വിട്ട് നല്‍കി 3 വിക്കറ്റ് നേടിയ അശ്വന്ത് ആണ് കളിയിലെ താരം. പികെ മിഥുന്‍ 2.4 ഓവറില്‍ നിന്ന് 6 റണ്‍സ് വിട്ട് നല്‍കിയാണ് പ്രതിഭയ്ക്കായി തന്റെ 3 വിക്കറ്റ് നേടിയത്.

11.2 ഓവറില്‍ 44 റണ്‍സ് നേടിയാണ് പ്രതിഭ സിസി ലക്ഷ്യം മറികടന്നത്. ചെറിയ ലക്ഷ്യം  പിന്തുടര്‍ന്ന പ്രതിഭയ്ക്ക് 3 വിക്കറ്റുകളാണ് തുടക്കത്തില്‍ നഷ്ടമായത്. അക്ഷയ് കെസി ആദ്യ മൂന്ന് വിക്കറ്റുകളും വീഴ്ത്തി കോഴിക്കോട് നിരയിലെ ആശ്വാസകരമായ പ്രകടനം പുറത്തെടുത്തു.

വിജയികള്‍ക്കായി ശ്രീനാഥും(17*) അക്വിബ് ഫസലും(13*) ചേര്‍ന്നാണ് വിജയം ഉറപ്പാക്കിയത്. 17/3 എന്ന നിലയില്‍ ഒത്തുകൂടിയ ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 27 റണ്‍സാണ് നേടിയത്.

Previous articleഡെയ്ൽ സ്റ്റെയിൻ ദക്ഷിണാഫ്രിക്കക്ക് വേണ്ടി ടി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റ് എടുത്ത താരം
Next article“റഫറി VAR ഇല്ലാത്തതു പോലെ തീരുമാനങ്ങൾ എടുക്കണം” – കൊളീന