മുരുഗന്‍ സിസിയെ പരാജയപ്പെടുത്തി തൃപ്പൂണിത്തുറ സിസി

- Advertisement -

സെലസ്റ്റിയല്‍ ട്രോഫി ടൂര്‍ണ്ണമെന്റില്‍ മികച്ച ജയവുമായി തൃപ്പൂണിത്തുറ സിസി. ടൂര്‍ണ്ണമെന്റ് അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ആതിഥേയരായ മുരുഗന്‍ സിസിയെ ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്താക്കുക കൂടിയാണ് തൃപ്പൂണിത്തുറ സിസി ഇന്ന് മംഗലപുരം കെസിഎ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ചെയ്തത്. ടോസ് ലഭിച്ച മുരുഗന്‍ സിസി തൃപ്പൂണിത്തുറ ടീമിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു.

അനന്തു സുനില്‍(44), അഫ്രാദ്(29*) എന്നിവരുടെ ഇന്നിംഗ്സുകളുടെ ബലത്തില്‍ തൃപ്പൂണിത്തുറ സിസി 28 ഓവറില്‍ 8 വിക്കറ്റുകളുടെ നഷ്ടത്തില്‍ 155 റണ്‍സ് നേടുകയായിരുന്നു. അഭിഷേക്(19), അനന്ത കൃഷ്ണന്‍(17) എന്നിവരും റണ്‍സ് കണ്ടെത്തി. മുരുഗന്‍ സിസിയ്ക്കായി വിഷ്ണു ദത്ത് ഒരു വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് ഷാനു, വിജിത്ത് കുമാര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

156 റണ്‍സ് ലക്ഷ്യം തേടി ഇറങ്ങിയ മുരുഗന്‍സിനു എന്നാല്‍ 28 ഓവറില്‍ 112 റണ്‍സ് മാത്രമേ നേടാനായുള്ളു. 9 വിക്കറ്റുകള്‍ നഷ്ടപ്പെട്ട ടീമിനു വേണ്ടി ഹേമന്ത്(26) ടോപ് സ്കോറര്‍ ആയി. അഫ്രാദ് 6 ഓവറില്‍ 13 റണ്‍സ് വഴങ്ങി 2 വിക്കറ്റ് നേടി. ആകാശ് ബാബു(2), അഭിഷേക്, നിഖില്‍ ബാബു എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

ഓള്‍റൗണ്ട് പ്രകടനത്തിനു(29*, 2 വിക്കറ്റ്) അഫ്രാദിനെയാണ് മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement