ബുംറയുടെ ആ സ്പെല്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച സ്പെല്‍

ആന്റിഗ്വ ടെസ്റ്റില്‍ വിന്‍ഡീസിനെതിരെ രണ്ടാം ഇന്നിംഗ്സില്‍ ഏഴ് റണ്‍സിന് 5 വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയുടെ സ്പെല്ലിനെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച ബൗളിംഗ് സ്പെല്ലെന്ന് വിശേഷിപ്പിച്ച് ഇന്ത്യയുടെ ബൗളിംഗ് കോച്ച് ഭരത് അരുണ്‍. ആദ്യ ഇന്നിംഗ്സില്‍ ഒരു വിക്കറ്റ് മാത്രമാണ് ജസ്പ്രീത് ബുംറ നേടിയതെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ സാഹചര്യങ്ങളുമായി വേഗത്തില്‍ ഇണങ്ങിയതാണ് താരത്തിന് ഗുണം ചെയ്തതെന്ന് ഭരത് പറഞ്ഞു.

പൊതുവേ ബൗളിംഗിനെ തങ്ങള്‍ വിലയിരുത്തുന്നത് ഫലം നോക്കിയല്ലെന്നും എങ്ങനെ പന്തെറിഞ്ഞുവെന്നത് നോക്കിയാണെന്നും ഭരത് പറഞ്ഞു. വിക്കറ്റുകള്‍ നേടിയോ ഇല്ലയോ എന്നത് തന്നെ സംബന്ധിച്ച് ഒരു ചിന്താവിഷയമേ അല്ലെന്ന് ഭരത് പറഞ്ഞു. ആദ്യ ഇന്നിംഗ്സിന് ശേഷവും ബുംറ ഷോര്‍ട്ട് ബോളുകളാണ് എറിയുന്നതെന്ന വിലയിരുത്തലിന് ശേഷം അല്പം കൂടി മുന്നിലേക്ക് പന്തെറിയണമെന്ന് ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.

ശരിയായ ലെംഗ്ത്തിലും ലൈനിലും പന്തെറിഞ്ഞാല്‍ വിക്കറ്റുകള്‍ ലഭിയ്ക്കും. ഓരോ സാഹചര്യത്തിനനുസരിച്ച് തന്റെ ബൗളിംഗ് ക്രമീകരിക്കുവാനറിയുന്ന ബൗളറാണ് ജസ്പ്രീത് ബുംറയെന്നും ഭരത് പറഞ്ഞു.

Previous articleബാഴ്സലോണ മരണ ഗ്രൂപ്പിൽ, ചാമ്പ്യൻസ് ലീഗിൽ സ്പാനിഷ് ടീമുകൾ വിയർക്കും
Next articleനഥാന്‍ ലയണ്‍ ഇംഗ്ലണ്ടിന് തന്നത് രണ്ടാം ജീവന്‍