പ്രാദേശിക താരങ്ങളെ വളര്‍ത്തിയെടുത്ത് ഖുല്‍ന ടൈറ്റന്‍സിനെ ശക്തിപ്പെടുത്തുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് അഭിപ്രായപ്പെട്ട് ടീം കോച്ച് മഹേല ജയവര്‍ദ്ധേനെ. ലീഗിന്റെ വിജയത്തിനും ഏറെ പ്രാധാന്യം നല്‍കേണ്ടത് പ്രാദേശിക യുവ താരങ്ങളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിലാണെന്നും മഹേല വ്യക്തമാക്കി. തന്റെ ടീം അതിനാവും ഊന്നല്‍ നല്‍കുകയെന്നും മുന്‍ ശ്രീലങ്കന്‍ നായകന്‍ അഭിപ്രായപ്പെട്ടു.
2017 സീസണില്‍ അഞ്ച് വിദേശ താരങ്ങളെ ടീമിലുള്‍പ്പെടുത്താമെന്ന തീരുമാനത്തെ ഏറെ വിമര്‍ശനങ്ങളോടെയാണ് ബംഗ്ലാദേശിലെ ക്രിക്കറ്റ് ആരാധകര്‍ സ്വീകരിച്ചത്. ഫ്രാഞ്ചൈസികള്‍ക്ക് ടീമില്‍ ഒരു വിദേശ താരത്തെകൂടി കളിപ്പിക്കുവാനുള്ള അവസരം ലഭിക്കുമ്പോള്‍ അത് ബംഗ്ലാദേശിലെ യുവ താരങ്ങള്‍ക്കുള്ള അവസരമാണ് നഷ്ടപ്പെടുത്തുകയെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഇതോടെ പുതിയ സീസമില്‍ ഈ തീരുമാനം വേണ്ടെന്ന് തീരുമാനിച്ച് 4 താരങ്ങളായി വിദേശ താരങ്ങളുടെ ക്വോട്ട നിശ്ചയിക്കുകയായിരുന്നു. അതിനെത്തുടര്‍ന്ന് കാര്‍ലോസ് ബ്രാത്‍വൈറ്റിനെ മാത്രമാണ് ഖുല്‍ന ടൈറ്റന്‍സ് വിദേശ താരങ്ങളില്‍ ടീമില്‍ നിലനിര്‍ത്തിയത്. ഇത് ടീമിലേക്ക് കൂടുതല്‍ പ്രാദേശിക താരങ്ങളെ പരിഗണിക്കുവാനുള്ള തീരുമാനത്തിനെ അടിസ്ഥാനമാക്കിയാണെന്ന് വേണം മഹേലയുടെ പ്രതികരണത്തോട് ചേര്‍ത്ത് വായിക്കുമ്പോള്‍ മനസ്സിലാക്കുവാനാകുന്നത്.