വിക്കറ്റ് കൊയ്ത്ത് തുടര്‍ന്ന് ബൗളര്‍മാര്‍, രണ്ടാം ദിവസം വീണത് 13 വിക്കറ്റുകള്‍

ആദ്യ ദിവസം 12 വിക്കറ്റുകള്‍ വീണ ശേഷം രണ്ടാം ദിവസവും വിക്കറ്റ് കൊയ്ത്ത് നടത്തി ബൗളര്‍മാര്‍. രണ്ടാം ദിവസം ദക്ഷിണാഫ്രിക്ക പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ ചേര്‍ന്ന് 13 വിക്കറ്റുകളാണ് വീഴ്ത്തിയത്. ആദ്യ ഇന്നിംഗ്സില്‍ 262 റണ്‍സിനു പുറത്തായ ദക്ഷിണാഫ്രിക്ക പാക്കിസ്ഥാനെ 185 റണ്‍സിനു പുറത്താക്കി 77 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിരുന്നു. എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ ടീം 135/5 എന്ന നിലയിലാണ് രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍.

സര്‍ഫ്രാസ് അഹമ്മദ്(50), ബാബര്‍ അസം(49), ഇമാം ഉള്‍ ഹക്ക്(43) എന്നിവരുടെ ചെറുത്ത്നില്പുണ്ടായെങ്കിലും പാക്കിസ്ഥാന്റെ അവസാന 5 വിക്കറ്റ് 16 റണ്‍സിനു വീഴ്ത്തിയാണ് നിര്‍ണ്ണായകമായ 77 റണ്‍സ് ലീഡ് ദക്ഷിണാഫ്രിക്ക കരസ്ഥമാക്കിയത്. ഡുവാനെ ഒളിവിയര്‍ 5 വിക്കറ്റ് നേടിയപ്പോള്‍ വെറോണ്‍ ഫിലാന്‍ഡര്‍ മൂന്നും കാഗിസോ റബാഡ രണ്ടും വിക്കറ്റ് നേടി.

രണ്ടാം ഇന്നിംഗ്സില്‍ 93/5 എന്ന നിലയിലേക്ക് വീണ ദക്ഷിണാഫ്രിക്കയെ ഹാഷിം അംലയും ക്വിന്റണ്‍ ഡിക്കോക്കും ചേര്‍ന്നാണ് തിരികെ മത്സരത്തിലേക്ക് കൊണ്ടുവന്നത്. 42 റണ്‍സാണ് ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയിട്ടുള്ളത്. അംല 42 റണ്‍സും ഡി കോക്ക് 34 റണ്‍സും നേടി ബാറ്റ് ചെയ്യുന്നു. ഒരു ഘട്ടത്തില്‍ 45/4 എന്ന നിലയിലേക്ക് വീണ ദക്ഷിണാഫ്രിക്കയെ ടെംബ ബാവുമ(23)യുമായി ചേര്‍ന്ന് അംലയാണ് രക്ഷപ്പെടുത്തി എടുത്തത്. അഞ്ചാം വിക്കറ്റില്‍ 48 റണ്‍സാണ് ഇരുവരും നേടിയത്.

പാക്കിസ്ഥാനായി ഫഹീം അഷ്റഫ് രണ്ടും ഷദബ് ഖാന്‍, മുഹമ്മദ് അമീര്‍, മുഹമ്മദ് അബ്ബാസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. 212 റണ്‍സിന്റെ ലീഡാണ് ദക്ഷിണാഫ്രിക്കയ്ക്ക് നിലവില്‍ സ്വന്തമാക്കാനായിട്ടുള്ളത്.