സാഹ വിവാദം, ബോറിയ മജൂംദാറിനെ വിലക്കി ബിസിസിഐ

Sports Correspondent

അഭിമുഖം ആവശ്യപ്പെട്ടതിന് മറുപടി നൽകാത്തതിന് വൃദ്ധിമന്‍ സാഹയെ ഭീഷണിപ്പെടുത്തിയ സീനിയര്‍ പത്രപ്രവര്‍ത്തകന്‍ ബോറിയ മജൂംദാറിനെ വിലക്കി ബിസിസിഐ. സാഹയെ ടെസ്റ്റ് ടീമിൽ നിന്ന് ഒഴിവാക്കിയതിനെത്തുടര്‍ന്ന് പ്രതികരണം ആവശ്യപ്പെട്ട് ബോറിയ താരത്തോട് അഭിമുഖം ആവശ്യപ്പെട്ടുവെങ്കിലും താരം അതിന് അനുകൂല മറുപടിയല്ല നൽകിയത്.

ഇത് ബോറിയയെ ചൊടിപ്പിച്ചപ്പോള്‍ അദ്ദേഹം ഭീഷണിയുമായി പ്രതികരിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് പേര് വെളിപ്പെടുത്താതെ സാഹ തന്നെ ഈ വിഷയം സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു.

രണ്ട് വര്‍ഷത്തേക്കാണ് ബോറിയയെ ബിസിസിഐ വിലക്കുന്നത്. ഇതോടെ ബോറിയയ്ക്ക് ബിസിസിഐ സംഘടിപ്പിക്കുന്ന ഒരു മത്സരത്തിലും റിപ്പോര്‍ട്ടിംഗിനായി എത്തുവാനാകില്ല.

ഇത് കൂടാതെ ഇന്ത്യയിലെ രജിസ്റ്റര്‍ ചെയ്ത ഒരു താരവുമായി അദ്ദേഹത്തിന് അഭിമുഖം നടത്തുവാനാകില്ല, കൂടാതെ ബിസിസിഐയുടെ കീഴിലുള്ള ഒരു അസോസ്സിയേഷന്‍ ഉടമസ്ഥതയിലുള്ള ക്രിക്കറ്റ് സൗകര്യങ്ങളും ഇദ്ദേഹത്തിന് ഉപയോഗിക്കുവാനും ആകില്ല.