ബയോ ബബിളില്‍ തുടരുന്നത് സമ്മര്‍ദ്ദപൂര്‍ണ്ണമായ കാര്യം, തന്റെ പേസിനെയെല്ലാം ഇത് ബാധിച്ചു

ബയോ ബബിളില്‍ തുടരുന്നത് അത്രയധികം മാനസിക സമ്മര്‍ദ്ദം സൃഷ്ടിക്കുന്ന കാര്യമാണെന്ന് പറഞ്ഞ് ജോഫ്ര ആര്‍ച്ചര്‍. തനിക്ക് ഇനി ഓസ്ട്രേലിയയിലേക്ക് യാത്രയാകുവാനോ ബിഗ് ബാഷില്‍ കളിക്കുവാനോ ഉള്ള ശക്തി അവശേഷിക്കുന്നുണ്ടെന്ന് തനിക്ക് തന്നെ അറിയില്ലെന്നും ഇംഗ്ലണ്ട് പേസര്‍ പറഞ്ഞു. ഇംഗ്ലണ്ടിന്റെ വിന്‍ഡീസിന്റെയും പാക്കിസ്ഥാനെതിരെയും ഓസ്ട്രേലിയയ്ക്കെതിരെയുമുള്ള പരമ്പരകളില്‍ കളിക്കുമ്പോള്‍ ബയോ ബബിളില്‍ തുടര്‍ന്ന താരത്തിന് ഇടയ്ക്ക് പരിമിത ഓവര്‍ ക്രിക്കറ്റ് പരമ്പരയില്‍ നിന്ന് വിശ്രമം നല്‍കിയുരുന്നു. എന്നാല്‍ പത്ത് ദിവസത്തില്‍ താഴെ മാത്രമാണ് താരം ബയോ ബബിളിന് പുറത്ത് കഴിഞ്ഞത് എന്നതാണ് സത്യം.

വിന്‍ഡീസിനെതിരെയുള്ള ആദ്യ ടെസ്റ്റിന് ശേഷം കോവിഡ് പ്രൊട്ടോക്കോള്‍ ലംഘിച്ച താരത്തിനെതിരെ നടപടിയും എടുത്തിരുന്നു. ഇപ്പോള്‍ രണ്ട് മാസത്തോളമായി ക്രിക്കറ്റില്‍ സജീവമായ തനിക്ക് ഇനി എത്ര ബയോ ബബിള്‍ കൂടി തനിക്ക് താങ്ങാനാകുമെന്നതില്‍ വ്യക്തതയില്ലെന്നാണ് ജോഫ്ര തന്നെ പറയുന്നത്.

ഇനിയങ്ങോട്ട് വീട്ടില്‍ പോകുന്നതോ സാധാരണ ജീവിതം നയിക്കുകയെന്നതോ അപൂര്‍വ്വമായ കാര്യമായി മാറിയേക്കാമെന്നാണ് ജോഫ്രയുടെ വാദം. ഇവിടെ ഇത് പുതിയ ജീവിതത്തിന്റെ ഭാഗമായി മാറി കഴിഞ്ഞു. ഇടവേളകള്‍ ലഭിയ്ക്കുമ്പോളായിരിക്കും ഇനി ആളുകള്‍ക്ക് അതുമായി ഇഴുകി ചേരുവാന്‍ ബുദ്ധിമുട്ട് അനുഭവിക്കുക എന്നും ജോഫ്ര വ്യക്തമാക്കി.

തന്റെ പ്രകടനങ്ങളില്‍ ഈ സമ്മര്‍ദ്ദം കാണുവാനുണ്ടെന്നും താരം കൂട്ടിചേര്‍ത്തു. ഈ ബയോ ബബിള്‍ ജീവിതത്തിന്റെ അനന്തരഫലമായി തന്റെ പേസ് കുറഞ്ഞുവെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്ന് ജോഫ്ര വ്യക്തമാക്കി.