സ്റ്റീഫന്‍ ഫ്ലെമിംഗ് മെല്‍ബേണ്‍ സ്റ്റാര്‍സില്‍ നിന്ന് പടിയിറങ്ങുന്നു

നാല് വര്‍ഷത്തെ ചുമതലയ്ക്ക് ശേഷം ടീമിനെ രണ്ട് തവണ ബിഗ് ബാഷ് ഫൈനലില്‍ എത്തിച്ച ശേഷം മെല്‍ബേണ്‍ സ്റ്റാര്‍സിന്റെ മുഖ്യ കോച്ചെന്ന ചുമതല ഒഴിഞ്ഞ് സ്റ്റീഫന്‍ ഫ്ലെമിംഗ്. ഇത്തവണത്തെ ഫൈനലില്‍ മെല്‍ബേണ്‍ റെനഗേഡ്സിനെതിരെ ജയിക്കാവുന്ന സ്ഥിതിയില്‍ നിന്ന് കാലിടറി 13 റണ്‍സിന്റെ തോല്‍വിയേറ്റു വാങ്ങിയ ശേഷമാണ് ഫ്ലെമിംഗിന്റെ ഈ തീരുമാനം.

കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനക്കാരായി അവസാനിച്ച ശേഷം ഫൈനല്‍ വരെ എത്തിയത് മികച്ച പ്രകടനമെന്നാണ് ഫ്ലെമിംഗ് വിലയിരുത്തിയത്. ക്ലബ് ഇപ്പോള്‍ മികച്ച നിലയിലാണ് പോകുന്നതെങ്കിലും പുതിയ ആരെങ്കിലും ചുമതലയേറ്റെടുത്ത് മുന്നോട്ട് നയിക്കുവാനുള്ള അനുയോജ്യമായ സമയമാണ് ഇതെന്നാണ് ഫ്ലെമിംഗിന്റെ ഭാഷ്യം.

ടീമിന്റെ അന്താരാഷ്ട്ര ടാലന്റ് അഡ്വൈസറായി ഫ്ലെമിംഗ് തുടരുമെന്ന് ക്ലബ് അറിയിച്ചിട്ടുണ്ട്. ടീമിനു ഇതുവരെ നല്‍കിയ സേവനങ്ങള്‍ക്ക് എന്നും ഫ്ലെമിംഗിനോട് കടപ്പെട്ടിരിക്കുമെന്നും സ്റ്റാര്‍സിന്റെ പ്രസിഡന്റ് എഡ്ഡി മക്ഗുയിര്‍ പറഞ്ഞു.

Previous articleബംഗ്ലാദേശിന്റെ വലയും നിറച്ച് ഇന്ത്യൻ വനിതകൾ സാഫ് കപ്പ് ഫൈനലിൽ
Next articleചെന്നൈ സിറ്റിക്ക് അഭിനന്ദനങ്ങളുമായി ഫിഫ