ഹറികെയിന്‍സിന്റെ ജൈത്രയാത്ര തുടരുന്നു, ഹീറ്റിനെതിരെ 3 റണ്‍സ് ജയം

ബ്രിസ്ബെയിന്‍ ഹീറ്റിനെതിരെ 3 റണ്‍സ് വിജയം സ്വന്തമാക്കി ഹോബാര്‍ട്ട് ഹറികെയിന്‍സ്. ആദ്യം ബാറ്റ് ചെയ്ത ഹറികെയിന്‍സ് ഡി’ആര്‍ക്കി ഷോര്‍ട്ടിന്റെ തകര്‍പ്പന്‍ ശതകത്തിന്റെ ബലത്തില്‍ നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് നേടുകയായിരുന്നു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചുവെങ്കിലും ലക്ഷ്യത്തിനു 3 റണ്‍സ് അകലെ എത്തുവാനെ ഹീറ്റിനു സാധിച്ചുള്ളു.

അവസാന ഓവറില്‍ 13 റണ്‍സ് വേണ്ടിയിരുന്ന ഹീറ്റിനെ ജിമ്മി പിയേര്‍സണിന്റെ ബാറ്റിംഗ് ആണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. രണ്ടോവറില്‍ 31 റണ്‍സ് വേണ്ട സ്ഥിതിയില്‍ 19ാം ഓവര്‍ എറിഞ്ഞ ജോഫ്ര ആര്‍ച്ചറുടെ ഓവറില്‍ 18 റണ്‍സ് നേടി ഹീറ്റ് ക്യാമ്പില്‍ വിജയ പ്രതീക്ഷ നല്‍കാന്‍ ജിമ്മി പിയേര്‍സണിനായി. ഡാനിയേല്‍ ക്രിസ്റ്റ്യന്‍ എറിഞ്ഞ അവസാന ഓവറില്‍ അവസാന പന്തില്‍ നാല് റണ്‍സ് എന്ന നിലയിലേക്ക് ലക്ഷ്യം കൊണ്ടെത്തിച്ചുവെങ്കിലും ബെന്‍ ഡോഗെറ്റിനെ ക്രിസ്റ്റ്യന്‍ പുറത്താക്കിയപ്പോള്‍ മത്സരത്തില്‍ ഹോബാര്‍ട്ടിനൊപ്പം ജയം നിന്നു. 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് മാത്രമേ ടീമിനു നേടാനായുള്ളു.

സാം ഹേസ്ലെറ്റ്(45), ബ്രണ്ടന്‍ മക്കല്ലം(33) എന്നിവര്‍ ചേര്‍ന്ന് ഹീറ്റിനു മികച്ച തുടക്കമാണ് നല്‍കിയത്. അലക്സ് റോസ് ഫീല്‍ഡിംഗ് തടസ്സപ്പെടുത്തിയതിനു(27 റണ്‍സ്) പുറത്തായതും മത്സരത്തില്‍ എടുത്ത് പറയേണ്ട നിമിഷമായി. അവസാന ഓവറുകളില്‍ ജിമ്മി പിയേര്‍സണിനൊപ്പം(13 പന്തില്‍ 26 റണ്‍സ്) മാര്‍ക്ക് സ്റ്റെകീറ്റേ(4 പന്തില്‍ 13) തകര്‍ത്തടിച്ചുവെങ്കിലും വിജയം കൈപ്പിടിയിലൊത്തുക്കാന്‍ ടീമിനായില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമുൻ ലിവർപൂൾ ഗോൾകീപ്പർ ടോമി ലോറൻസ് അന്തരിച്ചു
Next articleജൂണില്‍ ഇന്ത്യ അയര്‍ലണ്ടിലേക്ക്