ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരനായ താരവുമായി കരാറിലെത്തി ബിഗ് ബാഷ് ഫ്രാഞ്ചൈസി

ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ ഹോബര്‍ട്ട് ഹറികെയന്‍സുമായി 2020-21 വര്‍ഷത്തേക്ക് കരാറിലെത്തി ഇംഗ്ലണ്ട് താരം ദാവിദ് മലന്‍. നിലവില്‍ ലോക ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനമുള്ള താരമാണ് ദാവിദ് മലന്‍. ഇംഗ്ലണ്ട് താരങ്ങള്‍ ഇത്തവണത്തെ ബിഗ് ബാഷിന് ഉണ്ടാകുമോ എന്ന സംശയം നിലനില്‍ക്കവെയാണ് ദാവിദിനെ ടീമിലെത്തിക്കുവാന്‍ ഹോബാര്‍ട്ടിന് സാധിച്ചത്.

ഇത്തവണ ഇംഗ്ലണ്ട് താരം ജോഫ്ര ആര്‍ച്ചറുടെ സേവനം ടീമിന് ചിലപ്പോള്‍ ലഭിച്ചേക്കില്ല. ബയോ ബബിളുകളില്‍ കഴിയുന്നത് താന്‍ അത്ര ആസ്വദിക്കുന്നില്ലെന്ന് ജോഫ്ര നേരത്തെ സൂചന നല്‍കിയിരുന്നു. താരം ബിഗ് ബാഷില്‍ നിന്ന് വിട്ട് നിന്നേക്കുമെന്നാണ് മനസ്സിലാക്കുവാന്‍ കഴിയുന്നത്.

ലോകത്തിലെ മികച്ച ലീഗുകളില്‍ ഒന്നാണ് ബിഗ് ബാഷ് എന്നും അവിടെ കളിക്കുവാനെത്തുവാനാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ദാവിദ് വ്യക്തമാക്കി.