ബിഗ് ബാഷില്‍ പുതിയ നിയമങ്ങള്‍

മൂന്ന് പുതിയ നിയമങ്ങള്‍ പുറത്ത് വിട്ട് ഓസ്ട്രേലിയയുടെ ടി20 ലീഗ് ആയ ബിഗ് ബാഷ്. പവര്‍ സര്‍ജ്, എക്സ്-ഫാക്ടര്‍ പ്ലേയര്‍, ബാഷ് ബൂസ്റ്റ് എന്നിങ്ങനെ മൂന്ന് നിയമാവലിയാണ് പുതുതായി ഈ വരുന്ന പത്താം സീസണിന് വേണ്ടി ബിഗ് ബാഷ് തയ്യാറാക്കിയിട്ടുള്ളത്.

പവര്‍ സര്‍ജില്‍ രണ്ട് ഓവറിലേക്ക് രണ്ട് താരങ്ങള്‍ക്ക് മാത്രമേ ഇന്നര്‍ സര്‍ക്കിളിന് പുറത്ത് പാടുള്ളു. ബാറ്റിംഗ് ടീമിന് 11ാം ഓവറിന് ശേഷം എപ്പോള്‍ വേണമെങ്കിലും ഇത് ഉപയോഗിക്കാം. അതേ സമയം തുടക്കത്തിലെ ആറോവര്‍ പവര്‍പ്ലേ നാലോവറാക്കി ചുരുക്കിയിട്ടുണ്ട്.

എക്സ് ഫാക്ടര്‍ പ്ലേയറായി നിയമിക്കുന്ന താരത്തിന് ആദ്യ ഇന്നിംഗ്സിന്റെ പത്താം ഓവറിന് ശേഷം മത്സരത്തിലെ ഇതുവരെ ബാറ്റ് ചെയ്യാത്ത താരത്തെയോ ഒരോവറില്‍ അധികം ബൗള്‍ ചെയ്യാത്ത താരത്തിനെയോ മാറ്റി മത്സരത്തില്‍ ഇറങ്ങാനാകും എന്നതാണ് നിയമം.

ബാഷ് ബൂസ്റ്റ് രണ്ടാം ഇന്നിംഗ്സിന്റെ പാതി ഘട്ടത്തില്‍ നല്‍കുന്ന അധിക പോയിന്റാണ്. പത്ത് ഓവര്‍ പിന്നിടുമ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ടീമിനെക്കാള്‍ രണ്ടാമത് ബാറ്റ് ചെയ്ത ടീം അധികം റണ്‍സ് നേടിയിട്ടുണ്ടേല്‍ ബാറ്റിംഗ് ടീമിന് അധിക പോയിന്റ് ലഭിയ്ക്കും. അല്ലാത്ത പക്ഷം ഫീല്‍ഡിംഗ് ടീമിനാണ് ബോണ്‍സ് പോയിന്റ്.