മക്കല്ലം ബിഗ് ബാഷും മതിയാക്കുന്നു, ഇനി കോച്ചിന്റെ റോളിലേക്ക്

- Advertisement -

താന്‍ കളിക്കുന്ന അവസാന ബിഗ് ബാഷ് ടൂര്‍ണ്ണമെന്റാവും ഈ സീസണിലെ ബിഗ് ബാഷ് എന്ന് പ്രഖ്യാപിച്ച് ന്യൂസിലാണ്ട് താരം ബ്രണ്ടന്‍ മക്കല്ലം. മുന്‍ ന്യൂസിലാണ്ട് നായകന്‍ ഇനിയുള്ള കാലം കോച്ചിംഗ് റോളിലേക്ക് ശ്രദ്ധ തിരിക്കുവാന്‍ പോകുകയാണെന്നും ഈ സീസണ്‍ അവസാനത്തേതാണെന്നുമാണ് താരം അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് മക്കല്ലം ടീമംഗങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്.

അഡിലെയ്ഡ് സ്ട്രൈക്കേഴ്സിനെതിരെ ടീമിന്റെ വിജയത്തില്‍ 39 പന്തില്‍ 51 റണ്‍സ് നേടിയ മക്കല്ലം വെള്ളിയാഴ്ച മെല്‍ബേണ്‍ സ്റ്റാര്‍സിനെതിരെ ഹീറ്റിനു വേണ്ടി തന്റെ അവസാന മത്സരത്തിനു ഇറങ്ങും. ഐപിഎലില്‍ വെടിക്കെട്ട് പ്രകടനങ്ങള്‍ക്ക് പേരുകേട്ട മക്കല്ലത്തെ ഇത്തവണ ലേലത്തില്‍ ആരും സ്വന്തമാക്കുവാന്‍ മുതിര്‍നിരുന്നില്ല.

തുടര്‍ന്നും വേറെ ലീഗുകളില്‍ കളിച്ച ശേഷം താന്‍ കോച്ചിംഗ് കരിയറിലേക്ക് തിരിയുമെന്നാണ് മക്കല്ലം പ്രഖ്യാപിച്ചിരിക്കുന്നത്. 2011ല്‍ ബ്രിസ്ബെയിന്‍ ഹീറ്റിലെത്തിയ താരം 2016ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ടീമിലെ സ്ഥിരം സാന്നിധ്യമായി മാറിയിരുന്നു.

Advertisement