ബുംറയുടെ മികവിനു പിന്നില്‍ ഭരത് അരുണ്‍

ജസ്പ്രീത് ബുംറ മികച്ച ഫാസ്റ്റ് ബൗളറായി മാറിയതിനു പിന്നില്‍ ഇന്ത്യന്‍ ബൗളിംഗ് കോച്ച് ഭരത് അരുണെന്ന് പറഞ്ഞ് എംഎസ്കെ പ്രസാദ്. ഇന്ത്യന്‍ സപ്പോര്‍ട്ട് സ്റ്റാഫിന്റെ മേല്‍നോട്ടത്തില്‍ ജസ്പ്രീത് ബുംറ ഏറെ മെച്ചപ്പെട്ടുവെന്നാണ് പ്രസാദ് പറഞ്ഞത്. മികച്ച രീതിയിലാണ് ടീം മാനേജ്മെന്റ് താരത്തിന്റെ വര്‍ക്ക്‍ലോഡ് മാനേജ് ചെയ്തത്.

വിന്‍‍ഡീസിലെ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിരുന്നുവെങ്കില്‍ ബുംറ ഓസ്ട്രേലിയയില്‍ നാല് ടെസ്റ്റുകളിലും കളിയ്ക്കില്ലായിരുന്നുവെന്നാണ് പ്രസാദ് പറഞ്ഞത്. ഭരത് അരുണിനോടൊപ്പം പ്രവര്‍ത്തിച്ച് ബുംറ മികച്ച ബൗളറായിക്കഴിഞ്ഞുവെന്നാണ് പ്രസാദിന്റെ അഭിപ്രായം.

അരുണ്‍ നല്‍കിയ പദ്ധതികള്‍ നടപ്പിലാക്കുവാന്‍ ജസ്പ്രീത് ബുംറ എടുത്ത ശ്രമങ്ങളും അഭിനന്ദനീയമാണെന്ന് പ്രസാദ് പറഞ്ഞു. കഠിനാധ്വാനിയായ ബൗളറാണ് ബുംറ. ബുംറയെ ടെസ്റ്റ് ടീമിലേക്ക് എടുത്തപ്പോള്‍ ഏകദിന-ടി20 സ്പെഷ്യലിസ്റ്റായ ഒരു ബൗളറെ എടുക്കണമോയെന്ന് ചോദ്യമുയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോളത്തെ ഫലങ്ങള്‍ സെലക്ടര്‍മാര്‍ക്ക് തെറ്റിയില്ലെന്ന് കാണിക്കുന്നുവെന്നും പ്രസാദ് പറഞ്ഞു.