20 വര്‍ഷം രാജ്യത്തിന് വേണ്ടി കളിച്ചിട്ട് താനിതിലും മികച്ച സമീപനമാണ് പ്രതീക്ഷിച്ചത്

20 വര്‍ഷത്തോളം ബംഗ്ലാദേശിനെ സേവിച്ച തനിക്ക് അവസാന കാലത്ത് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് ലഭിച്ചത് മോശം പ്രതികരണമായിരുന്നുവെന്ന് പറഞ്ഞ് മുന്‍ നായകന്‍ മഷ്റഫേ മൊര്‍തസ.

2020ല്‍ സിംബാബ്‍വേയ്ക്കെതിരെ കളിച്ച താരത്തിന് പിന്നീട് ബോര്‍ഡ് അവസരം നല്‍കിയിരുന്നില്ല. വെസ്റ്റിന്‍ഡീസ് പരമ്പരയില്‍ നിന്ന് തന്നെ ഒഴിവാക്കിയ ശേഷം പല മാധ്യമങ്ങളം തന്നെ സമീപിച്ചുവെങ്കിലും താന്‍ അവരോട് പ്രഫഷണലായി ആണ് മറുപടി നല്‍കിയതെന്നും എന്നാല്‍ അതിന് ശേഷം ബോര്‍ഡിലുള്ള പലരും താന്‍ പുറത്ത് പോയതിന് കാരണം വിശദീകരിക്കുന്നത് കണ്ടപ്പോള്‍ ദൗര്‍ഭാഗ്യകരമാണെന്നാണ് തോന്നിയതെന്നും മൊര്‍തസ് പറഞ്ഞു.

താന്‍ ബോര്‍ഡിലെ അംഗങ്ങളോട് ഇനി മാധ്യമങ്ങള്‍ തന്നോട് കാര്യങ്ങള്‍ ചോദിച്ചാല്‍ സത്യം പറയുമെന്ന് പറഞ്ഞിട്ടുണ്ടെന്നും മൊര്‍തസ പറഞ്ഞു. താന്‍ പുറത്ത് പോകുന്നതിന് ഒരു കാരണമായി അവര്‍ പറഞ്ഞത് ഫിറ്റ്നെസ്സ് ആണെന്നും എന്നാല്‍ താന്‍ ഒരു ഫിറ്റ്നെസ്സ് പരീക്ഷ പോലും പരാജയപ്പെട്ടിട്ടില്ലെന്നും ഇപ്പോളുള്ള പല താരങ്ങളെക്കാളും മികച്ച സ്കോറായിരുന്നു തനിക്ക് ഉള്ളതെന്നും മുന്‍ ബംഗ്ലാദേശ് നായകന്‍ പറഞ്ഞു..

യോ യോ ടെസ്റ്റായാലും ബീപ് ടെസ്റ്റായാലും താന്‍ ഇവരില്‍ പലരെക്കാളും മികച്ച സ്കോറാണ് നേടിയിട്ടുള്ളതെന്നും മൊര്‍തസ പറഞ്ഞു. തന്റെ സ്കോറുകള്‍ പോലും പരിശോധിക്കാതെയാണ് താന്‍ ഫിറ്റ്നെസ്സ് ടെസ്റ്റ് പരാജയപ്പെട്ടുവെന്ന് ഇവര്‍ പറയുന്നതെന്നും മൊര്‍തസ് വ്യക്തമാക്കി.