ലോകകപ്പ് ജയിക്കുവാന്‍ ഇതിലും മികച്ച അവസരമില്ല: ലിയാം പ്ലങ്കറ്റ്

- Advertisement -

2019 ലോകകപ്പ് കിരീടം ഉയര്‍ത്തുവാന്‍ ഇംഗ്ലണ്ടിനുള്ളത് ഏറ്റവും മികച്ച അവസരമാണെന്ന് അഭിപ്രായപ്പെട്ട് ലിയാം പ്ലങ്കറ്റ്. ശ്രീലങ്ക പരമ്പരയ്ക്കുള്ള ടീമില്‍ ഇടം പിടിച്ചുവെങ്കിലും തന്റെ വിവാഹം ആയതിനാല്‍ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ താരത്തിനു നഷ്ടമാകും. കല്യാണം കഴിഞ്ഞ് രണ്ട് ദിവസത്തിനു ശേഷം ശ്രീലങ്കയിലേക്ക് തിരിക്കുന്ന താരം അവസാന രണ്ട് ഏകദിനങ്ങള്‍ക്കായി ടീമിനൊപ്പം ചേരും.

പരമ്പരയില്‍ മൂന്ന് മത്സരങ്ങള്‍ നഷ്ടമാകുമെങ്കിലും ടീമിനൊപ്പം താരത്തിനു നില്‍ക്കുവാനുള്ള അവസരം ഇംഗ്ലണ്ട് നല്‍കുന്നത് താരത്തിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളുന്നതിനാലാണെന്നാണ് മനസ്സിലാക്കുന്നത്. ഇംഗ്ലണ്ടിന്റെ ലോകകപ്പ് പദ്ധതികളുടെ ഭാഗമായ താരത്തിനു ടീമിനൊപ്പം നില്‍ക്കുവാനുള്ള അവസരമാണ് താരത്തിന്റെ വിവാഹം ആയിരുന്നിട്ടും താരത്തോട് അവസാന മത്സരങ്ങളില്‍ സ്ക്വാഡിലേക്ക് എത്തുവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മധ്യ ഓവറുകളില്‍ ഓയിന്‍ മോര്‍ഗന്റെ തുറുപ്പ് ചീട്ടാണ് ലിയാം പ്ലങ്കറ്റ്. റണ്‍സ് വിട്ടു നല്‍കാതെയും വിക്കറ്റ് നേടിയും എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കുന്നതില്‍ പ്രധാനിയാണ് ലിയാം പ്ലങ്കറ്റ്. ചാമ്പ്യന്‍സ് ട്രോഫിയില്‍ വിജയിക്കുവാനായില്ലെങ്കിലും ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ വിജയം കുറിക്കുവാനും ലോക ചാമ്പ്യന്മാരാവാനും ഇംഗ്ലണ്ടിനു സാധിക്കുമെന്നും ലിയാം പ്ലങ്കറ്റ് വിശ്വസിക്കുന്നു.

Advertisement