ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്ന് ബെന്‍ സ്റ്റോക്സ്, രവീന്ദ്ര ജഡേജ നാലാം സ്ഥാനത്ത്

- Advertisement -

ലീഡ്സിലെ വീരോചിതമായ പ്രകടനത്തിന്റെ ബലത്തില്‍ ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്ന് ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്സ്. 411 റേറ്റിംഗ് പോയിന്റുമായി സ്റ്റോക്സ് വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡറിന് പിന്നിലായാണ് സ്ഥിതി ചെയ്യുന്നത്. 433 പോയിന്റാണ് ഹോള്‍ഡറുടെ നേട്ടം. 135 റണ്‍സ് നേടി പുറത്താകാതെ നിന്ന ബെന്‍ സ്റ്റോക്സ് ആണ് ഇംഗ്ലണ്ടിനെ അപ്രതീക്ഷിതമായ ഒരു വിക്കറ്റ് ജയത്തിലേക്ക് നയിച്ചത്.

286/9 എന്ന നിലയിലേക്ക് വീണ ഇംഗ്ലണ്ടിന് വേണ്ടി അവസാന വിക്കറ്റില്‍ ജാക്ക് ലീഷിനെ(1*) കൂട്ടുപിടിച്ച് 76 റണ്‍സാണ് സ്റ്റോക്സ് നേടിയത്. ലോകകപ്പ് ഫൈനലിലേതിന് സമാനമായ വീരോചിതമായ ഒറ്റയാള്‍ പോരാട്ടമാണ് താരത്തിനെ ഇപ്പോള്‍ ഉയര്‍ന്ന റാങ്കിലേക്ക് എത്തിച്ചത്. ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ 395 പോയിന്റുമായി നാലാം സ്ഥാനത്ത് നിലകൊള്ളുന്നു. 399 പോയിന്റ് നേടിയ ഷാക്കിബ് അല്‍ ഹസനാണ് തൊട്ട് മുന്നിലുള്ളത്.

Advertisement