കോവിഡ്; ഈ വർഷം ബി.സി.സി.ഐ ആഭ്യന്തര ടൂർണമെന്റുകൾ റദ്ദാക്കിയേക്കും

Photo: KeralaCricketAssociation
- Advertisement -

ഇന്ത്യയിൽ നിയന്ത്രണവിധേയമാവാതെ കുതിക്കുന്ന കോവിഡ്-19 വൈറസ് ബാധയെ തുടർന്ന് ഈ സീസണിൽ ബി.സി.സി.ഐ ആഭ്യന്തര ടൂർണമെന്റുകൾ റദ്ദാക്കിയേക്കും. ഇതിനായുള്ള ചർച്ചകൾ ബി.സി.സി.ഐ ആരംഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ കോവിഡ്-19 നിയന്ത്രണ വിധേയമാവാത്തതിനെ തുടർന്ന് ഇന്ത്യൻ പ്രീമിയർ ലീഗ് ഇത്തവണ യു.എ.ഇയിൽ വെച്ചാണ് നടക്കുക.

എന്നാൽ ആഭ്യന്തര ടൂർണമെന്റുകളിൽ ഇത്തരത്തിൽ നടത്തുക ബി.സി.സി.ഐയെ സംബന്ധിച്ചിടത്തോളം പ്രായോഗികമല്ല. ഇതാണ് ഈ വർഷം മുഴുവൻ ആഭ്യന്തര ടൂർണമെന്റുകളും ഒഴിവാക്കാൻ ബി.സി.സി.ഐ ആലോചിക്കുന്നത്. കോവിഡ്-19 വൈറസ് ബാധയുടെ വ്യാപ്തി ഒരു സംസ്ഥാനത്തും നഗരങ്ങളിലും വ്യത്യസ്തമാണെന്നും അതുകൊണ്ട് ഈ സാഹചര്യത്തിൽ 3-4 മാസത്തേക്കുള്ള കാര്യങ്ങൾ പ്ലാൻ ചെയുക സാധ്യമാണെന്നും ബി.സി.സി.ഐയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

നേരത്തെ ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി ആഭ്യന്തര സീസൺ ചുരുക്കി നടത്താനുള്ള സാധ്യത സ്റ്റേറ്റ് അസോസിയേഷനുകൾക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ സംസ്ഥാന അധികാരികളിൽ നിന്നും മത്സരങ്ങൾ നടത്താൻ അനുവാദം ലഭിക്കുകയെന്നത് എളുപ്പമല്ല. ഇത്തരത്തിൽ അനുവാദം ലഭിച്ചാലും 37 രഞ്ജി ടീമുകളെയും അഞ്ച് ദുലീപ് ട്രോഫി ടീമുകളെയും മറ്റു നിരവധി ആഭ്യന്തര ടീമുകൾക്കും ബയോ സുരക്ഷാ ഒരുക്കുക എളുപ്പമല്ലെന്നുമാണ് ബി.സി.സി.ഐയുടെ നിഗമനം

Advertisement