കോഫി വിത്ത് കരണ്‍, അന്വേഷണത്തിനു ഹാജരാകുവാന്‍ താരങ്ങളോട് ആവശ്യപ്പെട്ട് ബിസിസിഐ ഓംബുഡ്സ്മാന്‍

- Advertisement -

കോഫി വിത്ത് കരണിലെ സ്ത്രീവിരുദ്ധ പ്രസ്താവനകളുടെ പേരില്‍ വിലക്ക് നേരിട്ട താരങ്ങളായ ഹാര്‍ദ്ദിക് പാണ്ഡ്യയോടും കെഎല്‍ രാഹുലിനോടും അന്വേഷണത്തിനായി ഹാജരാകുവാന്‍ ആവശ്യപ്പെട്ട് ബിസിസിഐ ഓംബുഡ്സ്മാനായ ജസ്റ്റിസ്(റിട്ടയേര്‍ഡ്) ഡി കെ ജെയിന്‍. ഇരു താരങ്ങളും മാപ്പ് അപേക്ഷിച്ചിരുന്നുവെങ്കിലും കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റര്‍മാര്‍ താരങ്ങള്‍ക്ക് അന്വേഷണം കഴിയുന്നത് വരെ വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.

എന്നാല്‍ ഓംബുഡ്സ്മാനെ നിയമിക്കുന്നതില്‍ കാലതാമസം വന്നതോടെ താരങ്ങള്‍ക്കുള്ള വിലക്ക് ബിസിസിഐ തന്നെ നീക്കി. ഇരു താരങ്ങള്‍ക്കും ഹാജരാകുവാനുള്ള നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും എന്ന് കൂടിക്കാഴ്ച നടക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഐപിഎല്‍ നടക്കുന്നതിനാലും ഇരു താരങ്ങളും അവരവരുടെ ഫ്രാഞ്ചൈസികളുടെ പ്രധാന താരങ്ങളാണെന്നതും കണക്കിലെടുക്കുമ്പോള്‍ ഐപിഎലിനിടെ താരങ്ങളെ അന്വേഷണത്തിനായി വിളിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നില്ല. നോട്ടീസില്‍ തീയ്യതി കുറിച്ചിട്ടില്ലെന്നാണ് ലഭിയ്ക്കുന്ന വിവരം. താരങ്ങളുടെ സൗകര്യപ്രകാരമാവും ഹിയറിംഗ് നടക്കുക.

Advertisement