ലോകകപ്പിലെ വേതനം താരങ്ങള്‍ക്ക് നല്‍കുവാന്‍ ഒരുങ്ങി ബംഗ്ലാദേശ് ബോര്‍ഡ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

11 മാസങ്ങള്‍ക്ക് ശേഷം ലോകകപ്പില്‍ ബംഗ്ലാദേശിനെ പ്രതിനിധീകരിച്ചതിന്റെ വേതനം താരങ്ങള്‍ക്ക് നല്‍കുവാനൊരുങ്ങി ബംഗ്ലാദേശ് ബോര്‍ഡ്. മൂന്ന് മത്സരങ്ങളിലാണ് ലോകകപ്പില്‍ ബംഗ്ലാദേശ് വിജയിച്ചത്. ഒരു വിജയത്തിന് 40000 യുഎസ് ഡോളറാണ് ലഭിക്കുവാനിരുന്നത്. എന്നാല്‍ ബോര്‍ഡ് താരങ്ങളുടെ പ്രകടനത്തില്‍ സംതൃപ്തരല്ലെന്ന കാരണത്താലാണ് പണം നല്‍കുവാതിരുന്നത്.

എന്നാല്‍ ടൂര്‍ണ്ണമെന്റിലെ പരക്കെയുള്ള പ്രകടനം മോശമാണെങ്കിലും ഈ പൈസ വിജയത്തിനുള്ളതാണെന്നും ടീം നേടിയ വിജയങ്ങള്‍ക്കുള്ള പൈസ അവര്‍ക്ക് നല്‍കേണ്ടത് തന്നെയാണെന്നും ക്രിക്കറ്റ് വെല്‍ഫെയര്‍ അസോസ്സിയേഷന്‍ ഓഫ് ബംഗ്ലാദേശ് ഈ വിഷയത്തില്‍ ഇടപ്പെട്ട് കൊണ്ട് പറഞ്ഞതോടെയാണ് ബോര്‍ഡ് പണം നല്‍കുവാന്‍ തയ്യാറാകുന്നത്.

ഏകദേശം 2 കോടി ബംഗ്ലാദേശി ടാക്കയാണ് താരങ്ങള്‍ക്ക് ലഭിക്കേണ്ടതായിട്ടുള്ളത്. ബിസിബി വിഷയത്തില്‍ ഉദാസീന സമീപനമാണ് കൈകൊണ്ടതെങ്കിലും ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ക്രിക്കറ്റേഴ്സും ക്രിക്കറ്റ് വെല്‍ഫെയര്‍ അസോസ്സിയേഷനൊപ്പം സമ്മര്‍ദ്ദം ചെലുത്തിയതോടെയാണ് ബോര്‍ഡ് അയഞ്ഞത്.

ഐസിസി നിയമപ്രകാരം ബോര്‍ഡിന്റെ അക്കൗണ്ടില്‍ തുകയെത്തി 14 ദിവസത്തിനുള്ള ഈ പൈസ താരങ്ങള്‍ക്ക് കൈമാറണമെന്നാണെങ്കിലും ബോര്‍ഡ് ഇതിന്മേല്‍ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല.