കൺസോര്‍ഷ്യത്തിൽ ചേരുവാന്‍ തയ്യാറാണെന്ന് ബംഗ്ലാദേശ്, ഇന്ത്യയ്ക്ക് ലോകകപ്പ് ഒറ്റയ്ക്ക് നടത്തുവാനുള്ള ശേഷിയുണ്ട്

ലോകകപ്പ് നടത്തുവാന്‍ കൺസോര്‍ഷ്യം രൂപീകരിക്കുവാനുള്ള പാക്കിസ്ഥാന്റെ ക്ഷണം സ്വീകരിക്കുമെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ഇന്ത്യയ്ക്ക് ഒറ്റയ്ക്ക് ലോകകപ്പ് നടത്തുവാനുള്ള ശേഷിയും സംവിധാനവും ഉണ്ടെന്നും തങ്ങള്‍ക്ക് അത്തരം സംവിധാനമില്ലാത്തതിനാൽ തന്നെ കൺസോര്‍ഷ്യത്തിൽ ചേരുമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍ വ്യക്തമാക്കി.

ശ്രീലങ്കയും ബംഗ്ലാദേശും ഉള്‍പ്പെടുന്ന കൺസോര്‍ഷ്യം രൂപീകരിക്കുമെന്നാണ് പാക്കിസ്ഥാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. 2024-31 സൈക്കിളിൽ രണ്ട് ഐസിസി ഏകദിന ലോകകപ്പ് ആണ് ഈ കൺസോര്‍ഷ്യം ലക്ഷ്യം വയ്ക്കുന്നത്.

ഒറ്റയ്ക്ക് ലോകകപ്പ് നടത്തുവാന്‍ ഇന്ത്യയെ പോലെ കഴിയാത്തതിനാൽ തന്നെ ഇതാണ് ബംഗ്ലാദേശിന് ലോകകപ്പ് നടത്തുവാനുള്ള ഏറ്റവും മികച്ച സാധ്യതയെന്ന് ബോര്‍ഡ് ഡയറക്ടര്‍മാരിൽ ഒരാളായ ജലാല്‍ വ്യക്തമാക്കി.