ടി20 ബ്രേക്ക് പുനഃപരിശോധിക്കണം, തമീമിനോട് ബംഗ്ലാദേശ് ബോര്‍ഡിന്റെ ആവശ്യം

ടി20യിൽ നിന്ന് ഇടവേളയെടുത്ത തമീം ഇക്ബാലിനോട് തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുവാന്‍ ബംഗ്ലാദേശ് ബോര്‍ഡ് ഒരുങ്ങുന്നു. അടുത്ത ആറ് മാസത്തേക്ക് ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ താന്‍ കളിക്കുന്നില്ലെന്ന് അടുത്തിടെ താരം തീരുമാനം എടുത്തിരുന്നു. ഈ കാലയളവിൽ ദേശീയ ടീമിനായി താരത്തിന് 5 മത്സരങ്ങള്‍ നഷ്ടമാകും.

അതിന് ശേഷം ബിപിഎലില്‍ മിന്നും പ്രകടനം ആണ് താരം പുറത്തെടുക്കുന്നത്. ഈ തീരുമാനത്തിന് തൊട്ടടുത്ത ദിവസം താരം ബിപിഎലിൽ പുറത്താകാതെ ശതകം നേടി മിനിസ്റ്റര്‍ ധാക്കയെ വിജയത്തിലേക്ക് നയിച്ചിരുന്നു. തമീമിനെ പോലെ പരിചയസമ്പത്തുള്ള താരം ടീമിലുള്ളത് യുവ താരങ്ങള്‍ക്ക് പലതും പഠിക്കുവാനുള്ള അവസരം ആണെന്നും ബംഗ്ലാദേശ് ചീഫ് സെലക്ടര്‍ മിന്‍ഹാജുൽ അബേദിന്‍ പറഞ്ഞു.

തമീമിന്റേത് വ്യക്തിപരമായ തീരുമാനം ആണെന്നും എന്നാൽ അത് പുനഃപരിശോധിക്കുവാനുള്ള ആവശ്യം ബോര്‍ഡ് മുന്നോട്ട് വയ്ക്കുമെന്നും മിന്‍ഹാജുല്‍ വ്യക്തമാക്കി.