ശ്രീലങ്കയിലേക്കുള്ള ബംഗ്ലാദേശിന്റെ ടൂര്‍ നടക്കുവാനുള്ള സാധ്യത വളരെ കുറവാണെനും അതിനുള്ള സാഹചര്യങ്ങളില്‍ നിലവിലുണ്ടെന്ന ബോധ്യം തനിക്ക് വന്നിട്ടില്ലെന്നും പറഞ്ഞ് ബംഗ്ലാദേശ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍. ബംഗ്ലാദേശ് ബോര്‍ഡിന് താരങ്ങളുടെ സുരക്ഷയാണ് വലുതെന്നും അതിനാല്‍ തന്നെ എന്താകുമെന്ന് കാത്തിരുന്ന് കാണാമെന്നും ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി.
ശ്രീലങ്കന്‍ ബോര്‍ഡ് ബംഗ്ലാദേശില്‍ നിന്ന് ഒരു അറിയിപ്പ് വരുന്നതിനായി കാത്തിരിക്കുന്നതിനാല്‍ ജൂലൈയില്‍ നടക്കാനിരിക്കുന്ന മൂന്ന് ടെസ്റ്റുകളുടെ പരമ്പര ഇതുവരെ നീട്ടി വെച്ചിട്ടില്ല. സമാനമായ സ്ഥിതിയില്‍ ഇന്ത്യന്‍ ബോര്‍ഡില്‍ നിന്നും ശ്രീലങ്ക പ്രതികരണത്തിനായി കാത്തിരിക്കുകയാണ്.
ഇന്ത്യ ജൂണിലാണ് ലങ്കയില്‍ പരമ്പര കളിക്കുവാന്‍ എത്തേണ്ടിയിരുന്നത്. ശ്രീലങ്കയില്‍ വൈറസ് വ്യാപനം കുറവാണെന്നതിനാലാണ് ബോര്‍ഡ് ജൂണ്‍ ആവുമ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റ് പുനരാരംഭിക്കാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ബംഗ്ലാദേശ് ബോര്‍ഡ് അത് അംഗീകരിക്കുന്ന ഒരു ഘട്ടത്തില്‍ എത്തിയിട്ടില്ലെന്നാണ് മനസ്സിലാകുന്നത്.
ഇന്ന് സുരക്ഷിതമായ സ്ഥലം നാളെയും അത്തരത്തിലായിരിക്കുമെന്നത് നമുക്ക് ഇപ്പോള്‍ പറയാനാകില്ലെന്നും കാരണം വൈറസ് വ്യാപനം വീണ്ടും നടക്കുന്ന സംഭവമാണെന്നും നസ്മുള്‍ വ്യക്തമാക്കി. ഇപ്പോള്‍ സ്ഥിതി എന്താകുമെന്ന് പ്രവചിക്കാനാകുന്ന ഒരു ഘട്ടമല്ലെന്നും ബംഗ്ലാദേശ് ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി.