ദക്ഷിണാഫ്രിക്കക്ക് തിരിച്ചടി, ആദ്യ ടി20യിൽ നിന്ന് ബാവുമ പുറത്ത്

- Advertisement -

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20 മത്സരത്തിൽ നിന്ന് ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ ടെമ്പ ബാവുമ പുറത്ത്. ഇംഗ്ലണ്ടിനെതിരായ ടി20 മത്സരത്തിനിടെയേറ്റ ഹാംസ്ട്രിങ് പരിക്കാണ് താരത്തിന് തിരിച്ചടിയായത്. താരത്തിന് ഒരു ആഴ്ച എങ്കിലും വിശ്രമം വേണ്ടി വരുമെന്നാണ് കരുതപ്പെടുന്നത്. താരത്തിന്റെ പകരക്കാരനെ ദക്ഷിണാഫ്രിക്ക ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. താരത്തിന് പകരം ആര് ഡി കോക്കിനൊപ്പം ഓപ്പൺ ചെയ്യുമെന്നത് ഇതുവരെ വ്യക്തമല്ല.  മുൻ ക്യാപ്റ്റൻ ഡു പ്ലെസ്സി ഓപ്പണറായി ഇറങ്ങാനും സാധ്യതയുണ്ട്.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത ബാവുമയുടെ അസാന്നിദ്ധ്യം ദക്ഷിണാഫ്രിക്കക്ക് കനത്ത തിരിച്ചടിയാണ്. ഇംഗ്ലണ്ടിനെതിരായ ടി20യിൽ 43, 31, 49 റൺസുകളായിരുന്നു താരത്തിന്റെ സമ്പാദ്യം. ക്യാപ്റ്റൻ ഡി കോക്കുമൊത്ത് ഓപ്പണറായി മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാനും ബാവുമക്ക് കഴിഞ്ഞിരുന്നു. ഓസ്‌ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്ക മൂന്ന് ടി20 മത്സരങ്ങളാണ് കളിക്കുക.  ഫെബ്രുവരി 21,23, 26 തിയ്യതികളിലാണ് ടി20 മത്സരങ്ങൾ നടക്കുക. പന്ത് ചുരണ്ടൽ വിവാദം ഉണ്ടായതിന് ശേഷം ആദ്യമായാണ് ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയിൽ കളിക്കുന്നത്.

Advertisement