പരമ്പര സ്വന്തമാക്കിയെങ്കിലും ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് പ്രതിസന്ധിയില്‍ തന്നെ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ലോകത്തിലെ ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമിനെ 3-1നു പരാജയപ്പെടുത്തി പരമ്പര സ്വന്തമാക്കിയെങ്കിലും ഇംഗ്ലണ്ടിനു തലവേദനായി ബാറ്റിംഗ് ഓര്‍ഡര്‍. ടീമിനു ഇതു വരെ തങ്ങളുടെ മികച്ച ബാറ്റിംഗ് ഓര്‍ഡര്‍ കണ്ടെത്താനായിട്ടില്ലെന്ന് തുറന്ന് സമ്മതിക്കുകയാണ് ഇംഗ്ലണ്ട് മുഖ്യ കോച്ച് ട്രെവര്‍ ബെയിലിസ്സ്. നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ഒട്ടേറെ മാറ്റങ്ങളോടെയാണ് ഇറങ്ങിയത്. ടീമിലെ മാറ്റങ്ങള്‍ക്ക് പുറമേ ബാറ്റിംഗ് ഓര്‍ഡറിലും ഏറെ അഴിച്ചു പണി നടത്തിയെങ്കിലും സാം കറന്റെ ഇന്നിംഗ്സ് ഇല്ലായിരുന്നുവെങ്കില്‍ ഇംഗ്ലണ്ടിന്റെ നില പരുങ്ങലിലായേനെ.

86/6 എന്ന നിലയിലേക്ക് ആദ്യ ഇന്നിംഗ്സില്‍ വീണ ഇംഗ്ലണ്ടിനെ സാം കറന്‍ നടത്തിയ ചെറുത്ത്നില്പാണ് 246 റണ്‍സിലേക്ക് എത്തിച്ചത്. മോയിന്‍ അലിയാണ് ടീമിലെ ആദ്യ ഇന്നിംഗ്സിലെ രണ്ടാമത്തെ ടോപ് സ്കോറര്‍. രണ്ടാം ഇന്നിംഗ്സിലും സാം കറന്‍ 46 റണ്‍സുമായി തിളങ്ങിയപ്പോള്‍ മുന്‍ നിര ബാറ്റ്സ്മാന്മാരില്‍ ജോസ് ബട്‍ലര്‍(69), കീറ്റണ്‍ ജെന്നിംഗ്സ്(36), ജോ റൂട്ട്(48) എന്നിവരാണ് തിളങ്ങിയതെങ്കിലും ആധികാരിക പ്രകടനമെന്ന് ഇതിനെ വിശേഷിപ്പിക്കാനാകില്ല. ഇന്ത്യയുടെ പേര് കേട്ട ബാറ്റിംഗ് നിര പരാജയപ്പെട്ടത് മാത്രമാണ് ഈ ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനു തുണയായത്.

ഇപ്പോള്‍ അലിസ്റ്റര്‍ കുക്ക് കൂടി റിട്ടയര്‍ ചെയ്ത ശേഷം ഓപ്പണിംഗില്‍ പുതിയൊരു താരത്തെ കണ്ടെത്തേണ്ട ചുമതല കൂടി ഇംഗ്ലണ്ടിനുണ്ട്. ഇപ്പോള്‍ മോശം ഫോമിലാണെങ്കിലും ഇംഗ്ലണ്ടിന്റെ ഓപ്പണര്‍ ആരെന്ന ചോദ്യത്തിനുള്ള പകുതി മറുപടിയായിരുന്നു കുക്ക്. പല ഓപ്പണിംഗ് കൂട്ടുകെട്ടിനെ ഇംഗ്ലണ്ട് പരീക്ഷിച്ചപ്പോളും ഒരു വശത്ത് കുക്ക് ഓപ്പണറായി നിലകൊണ്ടിരുന്നു.

മോയിന്‍ അലിയെ ടോപ് ഓര്‍ഡറില്‍ അയയ്ച്ചത് ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് ഓര്‍ഡര്‍ പരീക്ഷണങ്ങളിലെ ഒരു ഏട് മാത്രമായിരുന്നു. വരുന്ന പരമ്പരകളില്‍ ഇത്തരത്തില്‍ ഒട്ടനവധി പരീക്ഷണങ്ങള്‍ക്ക് ടീം മുതിരുമെന്ന് വേണം കണക്കാക്കുവാന്‍. ഏഷ്യയില്‍ മത്സരങ്ങള്‍ക്കായി ഇറങ്ങുമ്പോള്‍ സ്പിന്‍ മികച്ച രീതിയില്‍ നേരിടുന്നു എന്ന കാരണത്താല്‍ മോയിന്‍ അലിയെ തന്നെ ഇത്തരം പരീക്ഷണങ്ങള്‍ക്ക് ഇംഗ്ലണ്ട് ഉപയോഗിക്കുമെന്ന് വേണം കരുതുവാന്‍.