ഗതി പിടിക്കാതെ വിന്‍ഡീസ്, 6 വിക്കറ്റ് നഷ്ടം

ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ യഥേഷ്ടം ശതകം അടിച്ചൂകുട്ടിയ പിച്ചില്‍ ഗതി പിടിക്കാതെ വിന്‍ഡീസ് ബാറ്റിംഗ് നിര. രണ്ടാം ദിവസം സ്റ്റംപ്‍സ് ആവുമ്പോള്‍ ഇന്ത്യയുടെ ഇന്നിംഗ്സ് 649/9 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ശേഷം ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് 94/6 എന്ന നിലയിലാണ്. റോഷ്ടണ്‍ ചേസ് 27 റണ്‍സും കീമോ പോള്‍ 13 റണ്‍സുമായി പുറത്താകാതെ ക്രീസില്‍ നില്‍ക്കുന്നു. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 20 റണ്‍സ് ഇതുവരെ നേടിയിട്ടുണ്ട്. ഓപ്പണര്‍മാരെ മുഹമ്മദ് ഷമി പുറത്താക്കിയപ്പോള്‍ ജഡേജയും കുല്‍ദീപ് യാദവും ഓരോ വിക്കറ്റ് നേടി അശ്വിനു ഒരു വിക്കറ്റ് ലഭിച്ചപ്പോള്‍ ഷിമ്രണ്‍ ഹെറ്റ്മ്യര്‍ റണ്ണൗട്ടായി പുറത്തായി.

നേരത്തെ വിരാട് കോഹ്‍ലി(139), രവീന്ദ്ര ജഡേജ(100*) എന്നിവര്‍ ഇന്ത്യയ്ക്കായി രണ്ടാം ദിവസം ശതകം നേടിയിരുന്നു. ഋഷഭ് പന്ത് 92 റണ്‍സില്‍ പുറത്തായപ്പോള്‍ ആദ്യ ദിവസം പൃഥ്വി ഷാ 134 റണ്‍സ് നേടി. ആദ്യ ദിവസം ചേതേശ്വര്‍ പുജാര 86 റണ്‍സും അജിങ്ക്യ രഹാനെ 41 റണ്‍സും നേടി പുറത്തായിരുന്നു. 149.5 ഓവറില്‍ നിന്നാണ് ഇന്ത്യ 649 റണ്‍സ് നേടിയത്. ജഡേജ ശതകം തികച്ച ഉടനെ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

വാലറ്റത്തോടൊപ്പം പൊരുതിയാണ് തന്റെ കന്നി ടെസ്റ്റ് ശതകം ജഡേജ പൂര്‍ത്തിയാക്കിയത്. 22 റണ്‍സ് നേടിയ ഉമേഷ് യാദവ് ജഡേജയ്ക്ക് മികച്ച പിന്തുണ നല്‍കി. വിന്‍ഡീസിനായി ദേവേന്ദ്ര ബിഷൂ 4 വിക്കറ്റും അരങ്ങേറ്റക്കാരന്‍ ഷെര്‍മന്‍ ലൂയിസ് രണ്ട് വിക്കറ്റും നേടി. ഷാനണ്‍ ഗബ്രിയേല്‍, റോഷ്ടണ്‍ ചേസ്, ക്രെയിഗ് ബ്രാത്‍വൈറ്റ് എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

Previous articleനെയ്മറിനെയും ദിബാലയെയും പിന്തള്ളി മെസ്സി ചാമ്പ്യൻസ് ലീഗിലെ താരം
Next articleചെന്നൈ സിറ്റിക്ക് പുതിയ ജേഴ്സി