സിംബാബ്‌വെക്കെതിരെ ബംഗ്ലാദേശ് ശക്തമായ നിലയിൽ

Staff Reporter

സിംബാബ്‌വെക്കെതിരായ ഏക ടെസ്റ്റിന്റെ രണ്ടാം ദിവസം കളി അവസാനിക്കുമ്പോൾ ബംഗ്ലാദേശ് ശക്തമായ നിലയിൽ. നിലവിൽ ബംഗ്ലാദേശ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 240 റൺസ് എടുത്തിട്ടുണ്ട്. 79 റൺസുമായി ക്യാപ്റ്റൻ മോമിനുൾ ഹഖും 32 റൺസുമായി മുഷ്‌ഫിഖുർ റഹീമുമാണ് ക്രീസിൽ ഉള്ളത്. നിലവിൽ ബംഗ്ലാദേശ് സിംബാബ്‌വെയെക്കാൾ 25 റൺസ് പിറകിലാണ്.

തമിം ഇക്ബാൽ 41 റൺസ് എടുത്തും നജ്മുൽ ഹൊസൈൻ 71 റൺസുമെടുത്താണ് പുറത്തായത്. സിംബാബ്‌വെക്ക് വേണ്ടി ട്രിപ്പാനോ, ന്യോചി, ഷുമ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.  നേരത്തെ സിംബാബ്‌വെയുടെ ഒന്നാം ഇന്നിംഗ്സ് 265 റൺസിന് അവസാനിച്ചിരുന്നു. ക്യാപ്റ്റൻ എർവിൻ നേടിയ സെഞ്ചുറിയാണ് സിംബാബ്‌വെ സ്കോർ 265ൽ എത്തിച്ചത്.