നിലവിലെ സാഹചര്യത്തില്‍ ശ്രീലങ്കയിലേക്ക് പര്യടനമില്ല

ശ്രീലങ്കയില്‍ കഴിഞ്ഞ ദിവസമുണ്ടായ തീവ്രവാദ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ലങ്കയിലേക്ക് ക്രിക്കറ്റിനായി എത്തുകയില്ലെന്ന് അറിയിച്ച് നസ്മുള്‍ ഹസന്‍. ജൂലൈ 25, 27, 29 തീയ്യതികളില്‍ ശ്രീലങ്കയില്‍ മൂന്ന് ഏകദിനങ്ങള്‍ കളിയ്ക്കുവാന്‍ ബംഗ്ലാദേശ് എത്തേണ്ടതായിരുന്നുവെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഈ പര്യടനം നടക്കില്ലെന്ന് അറിയിച്ച് ബംഗ്ലാദേശ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍.

ജൂനിയര്‍ ടീമുകളെയും സീനിയര്‍ ടീമുകളെയും നിരന്തരം ബംഗ്ലാദേശ് ശ്രീലങ്കയിലേക്ക് അയയ്ക്കാറുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ യാത്ര സാധ്യമാകില്ലെന്നാണ് നസ്മുള്‍ അറിയിച്ചത്. ബംഗ്ലാദേശ് മാത്രമല്ല വേറൊരു ടീമും ഈ സാഹചര്യത്തില്‍ ഇത്തരമൊരു സാഹസത്തിനു മുതിരില്ല.

ഇത് കൂടാതെ ശ്രീലങ്കയുടെ പ്രസിഡന്റ് മൈത്രിപാല സിരിസേന സമാനമായ ആക്രമണങ്ങള്‍ ഇനിയും ഉണ്ടായേക്കാമെന്ന് പറഞ്ഞിട്ടുണ്ട്. അതിനാല്‍ തന്നെ ഇതെല്ലാം പരിഗണിക്കുമ്പോള്‍ ബംഗ്ലാദേശ് ടീം ശ്രീലങ്കയിലേക്ക് യാത്ര ചെയ്യുന്ന സാഹര്യം നിലനില്‍ക്കുന്നില്ലെന്ന് നസ്മുള്‍ ഹസന്‍ പറഞ്ഞു.