ഫലം തോല്‍വി തന്നെ, ശ്രീലങ്കയുടെ നാണക്കേടിന് അവസാനമില്ല

ബംഗ്ലാദേശിനെതിരെ രണ്ടാം ഏകദിനത്തില്‍ കൂറ്റന്‍ തോല്‍വിയേറ്റ് വാങ്ങി ശ്രീലങ്ക. ഇന്ന് മുഷ്ഫിക്കുര്‍ റഹിം ഒറ്റയ്ക്ക് 125 റണ്‍സ് നേടി ബംഗ്ലാദേശിനെ 246 റണ്‍സെന്ന സ്കോറിലേക്ക് നയിച്ചപ്പോള്‍ ശ്രീലങ്കയ്ക്ക് ആകെ നേടാനായത്40 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ്. ബംഗ്ലാദേശിന്റെ 9 വിക്കറ്റ് നഷ്ടമായി നില്‍ക്കുമ്പോള്‍ മഴ കളി തടസ്സപ്പെടുത്തിയതിനാല്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം മത്സരം 40 ഓവറാക്കി ചുരുക്കുകയായിരുന്നു. 103 റണ്‍സിന്റെ കനത്ത തോല്‍വിയാണ് ടീം ഏറ്റുവാങ്ങിയത്. 24 റണ്‍സ് നേടിയ ധനുഷ്ക ഗുണതിലകയാണ് ലങ്കന്‍ നിരയിലെ ടോപ് സ്കോറര്‍.

ബംഗ്ലാദേശിന് വേണ്ടി മുസ്തഫിസുറും മെഹ്ദി ഹസനും മൂന്ന് വീതം വിക്കറ്റും ഷാക്കിബ് അല്‍ ഹസന്‍ രണ്ട് വിക്കറ്റും നേടി. ഇതോടെ ഏകദിന പരമ്പര ബംഗ്ലാദേശ് സ്വന്തമാക്കി. ഇസ്രു ഉഡാന 18 റണ്‍സുമായി പുറത്താകാതെ നിന്നു.