സപ്പോര്‍ട്ട് സ്റ്റാഫിന് കോവിഡ് ലക്ഷണം, പരിശീലനം നിര്‍ത്തി വെച്ച് ബംഗ്ലാദേശ്

ശ്രീലങ്കന്‍ ടൂറിന് മുമ്പായി ആരംഭിച്ച ബംഗ്ലാദേശ് താരങ്ങളുടെ പരിശീലനം നിര്‍ത്തി വെച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ചില സപ്പോര്‍ട്ട് സ്റ്റാഫുകള്‍ കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെയാണ് മൂന്ന് ദിവസത്തേക്ക് ക്യാമ്പ് നിര്‍ത്തി വയ്ക്കുവാന്‍ ബോര്‍ഡ് തീരുമാനിച്ചത്. നേരത്തെ തന്നെ താരങ്ങളുടെ പരിശീലന ക്യാമ്പ് ആരംഭിക്കുവാന്‍ ബോര്‍ഡ് വിമുഖത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ വരാനിരിക്കുന്ന ശ്രീലങ്കന്‍ ടൂറിന് മുമ്പായി താരങ്ങള്‍ പരിശീലനം വേണമെന്ന് നിര്‍ബന്ധിച്ചതോടെയാണ് പരിശീലന ക്യാമ്പിന് അനുമതി നല്‍കുവാന്‍ ഒടുവില്‍ ബോര്‍ഡ് തീരുമാനിച്ചത്.

സെപ്റ്റംബര്‍ 21ന് ബംഗ്ലാദശ് റെസിഡന്‍ഷ്യല്‍ ക്യാമ്പ് ആരംഭിക്കുവാന്‍ പദ്ധതിയിടുന്നുണ്ടായിരുന്നു. മൂന്ന് ഘട്ടത്തില്‍ കോവിഡ് പരിശോധന കഴിഞ്ഞ ശേഷം മാത്രമേ ഈ ക്യാമ്പുമായി ബോര്‍ഡ് മുന്നോട്ട് പോകുകയുള്ളു.

സെപ്റ്റംബര്‍ 27ന് ശ്രീലങ്കയിലേക്ക് യാത്രയാകുന്ന ബംഗ്ലാദേശ് ഒക്ടോബര്‍ 24ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ പങ്കെടുക്കും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.