ഡേ നൈറ്റ് ടെസ്റ്റ് വേണ്ടെന്ന് അറിയിച്ച് ബംഗ്ലാദേശ്

Sports Correspondent

ന്യൂസിലാണ്ട് ടെസ്റ്റ് പരമ്പരയില്‍ തങ്ങള്‍ ഡേ നൈറ്റ് ടെസ്റ്റ് കളിക്കുവാന്‍ തയ്യാറല്ലെന്ന് അറിയിച്ച് ബംഗ്ലാദേശ്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനു താല്പര്യമുണ്ടായിരുന്നുവെങ്കിലും കളിക്കാരുടെയും ടീം മാനേജ്മെന്റിന്റെയും സമ്മര്‍ദ്ദത്തിനു വഴങ്ങി ഡേ നൈറ്റ് ടെസ്റ്റിനു വഴങ്ങേണ്ടതില്ലെന്നാണ് ബോര്‍ഡ് തീരുമാനിച്ചത്. രണ്ട് വര്‍ഷത്തിനു മുമ്പും ഇതേ സാഹചര്യം ഉടലെടുത്തിരുന്നു. അന്നും ബംഗ്ലാദേശ് ന്യൂസിലാണ്ടിന്റെ ആവശ്യം നിരസിക്കുകയായിരുന്നു.

പ്രാദേശിക തലത്തില്‍ ഡേ നൈറ്റ് ടെസ്റ്റുകള്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാത്തതിനാലാണ് തങ്ങള്‍ ഇതിനു വിമുഖത കാണിക്കുന്നതെന്നാണ് ബംഗ്ലാദേശ് ബോര്‍ഡ് ചീഫ് നിസാമുദ്ദിന്‍ ചൗധരി അറിയിച്ചത്. താരങ്ങള്‍ക്കാര്‍ക്കും തന്നെ ഇത്തരം മത്സര സാഹചര്യത്തില്‍ കളിച്ച് പരിചയമില്ലാത്തതിനാല്‍ ഇതൊരു വെല്ലുവിളി തന്നെയാണ്.

അടുത്ത് തന്നെ പ്രാദേശിക ടൂര്‍ണ്ണമെന്റില്‍ ഇത്തരം കീഴ്‍വഴക്കം ആരംഭിച്ച് താരങ്ങളെ ഈ മത്സര സാഹചര്യത്തിനു സജ്ജമാക്കുമെന്നാണ് നിസാമുദ്ദീന്‍ അഭിപ്രായപ്പെട്ടത്. അതിനു ശേഷം ഒരു ഹോം ടെസ്റ്റ് പരമ്പരയില്‍ ഒരു ഡേ നൈറ്റ് മത്സരം ഉള്‍പ്പെടുത്തിയ ശേഷം മാത്രമാവും എവേ മത്സരത്തില്‍ ഡേ നൈറ്റ് ടെസ്റ്റിനു തയ്യാറാവുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial