മഹെദി ഹസന്റെ മുന്നില്‍ നാണംകെട്ട് വാര്‍ണറുടെ ടീം, 68 റണ്‍സിനു പുറത്ത്

വമ്പന്‍ പേരും പെരുമയുമായി എത്തിയ സില്‍ഹെറ്റ് സിക്സേര്‍സിനു നാണംകെട്ട തോല്‍വി. ഡേവിഡ് വാര്‍ണര്‍, ആന്‍ഡ്രേ ഫ്ലെച്ചര്‍, നിക്കോളസ് പൂരന്‍ എന്നിവരുടെ വിദേശ കരുത്തിനൊപ്പം ബംഗ്ലാദേശ് താരങ്ങളായ സബ്ബിര്‍ റഹ്മാനും ലിറ്റണ്‍ ദാസും അടങ്ങിയ ബാറ്റിംഗ് നിര പരാജയപ്പെട്ടപ്പോള്‍ ടീം 68 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

നാല് താരങ്ങള്‍ പൂജ്യത്തിനു പുറത്തായ മത്സരത്തില്‍ 33 റണ്‍സ് നേടി പുറത്താകാതെ നിന്ന അലോക് കപാലിയാണ് ടീമിന്റെ ടോപ് സ്കോറര്‍. കോമില്ല വിക്ടോറിയന്‍സിനു വേണ്ടി മഹെദി ഹസന്‍ നാലും വഹാബ് റിയാസ് മൂന്നും വിക്കറ്റ് നേടിയപ്പോള്‍ ലിയാം ഡോസണ്‍ 2 വിക്കറ്റ് നേടി.

തുടക്കം കോമില്ലയ്ക്കും പാളിയെങ്കിലും ഷംസുര്‍ റഹ്മാന്‍(34*), ഇമ്രുല്‍ കൈസ്(30*) എന്നിവര്‍ ചേര്‍ന്ന് 11.1 ഓവറില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.