ഗെയിലിനു അനുമതി ഇനിയും വൈകുമോ?

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കുവാനായി ക്രിസ് ഗെയില്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് സൂചന. ബോര്‍ഡില്‍ നിന്ന് അനുമതി പത്രം ലഭിയ്ക്കാത്തതാണ് താരത്തെ ലീഗില്‍ കളിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചിരിക്കുന്നതാണെന്നാണ് അറിയുന്നത്. രംഗ്പൂര്‍ റൈഡേഴ്സിന്റെ ആദ്യ രണ്ട് മത്സരങ്ങളിലും താരം കളിച്ചിരുന്നില്ല.

ബംഗ്ലാദേശില്‍ ശനിയാഴ്ച രാവിലെ എത്തിയ താരത്തെ ആദ്യ മത്സരത്തില്‍ കളിപ്പിക്കാതിരുന്നതിനു കാരണമായി പറഞ്ഞത് ജെറ്റ് ലാഗ് എന്നായിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തിലും താരം ടീമില്‍ ഇടം പിടിയ്ക്കാതെ വന്നതോടെയാണ് കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ അന്വേഷണം ആരംഭിക്കുന്നത്. ഗെയിലിനു ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുവാനുള്ള അനുമതി പത്രം സമര്‍പ്പിക്കാനായിട്ടില്ലെന്നാണ് അറിയുവാന്‍ കഴിയുന്നത്.

അനുമതി പത്രം ലഭിയ്ക്കാത്തതിനാല്‍ ഗെയിലിനെ കളിയ്ക്കുന്നതില്‍ നിന്ന് വിലക്കിയത് ബിപിഎല്‍ ടെക്നിക്കല്‍ കമ്മിറ്റിയാണ്. നിലവിലെ ചാമ്പ്യന്മാരായ രംഗ്പൂര്‍ റൈഡേഴ്സ് നിലനിര്‍ത്തിയ താരങ്ങളില്‍ ഒരാളായിരുന്നു ക്രിസ് ഗെയില്‍.