ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ജനുവരിയിലേക്ക് മാറ്റി

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിന്റെ ആറാം പതിപ്പ് 2019 ജനുവരി 5നു നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ജനുവരി അഞ്ച് മുതല്‍ ഫെബ്രുവരി 8 വരെയാവും ടൂര്‍ണ്ണമെന്റ് നടക്കുക. ഡിസംബര്‍ അവസാനത്തോടെ ബംഗ്ലാദേശില്‍ പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ നേരത്തെ നിശ്ചയിച്ച പ്രകാരം ഒക്ടോബര്‍ നവംബര്‍ മാസത്തില്‍ മത്സരങ്ങള്‍ നടത്തുക പ്രായോഗികമല്ലെന്ന് കണ്ടെത്തിയതോടെയാണ് ബോര്‍ഡ് ഈ തീരുമാനത്തിനു മുതിര്‍ന്നത്.

ഇതിനെത്തുടര്‍ന്ന് ജനുവരിയില്‍ നടക്കേണ്ടിയിരുന്ന സിംബാബ‍േവേ പര്യടനം ഈ സമയത്ത് നടത്തുവാന്‍ നിശ്ചയിക്കുകയായിരുന്നു. ബംഗ്ലാദേശ് തിരഞ്ഞെടുപ്പ് സമയത്ത് പ്രീമിയിര്‍ ലീഗ് കൂടി സംഘടിപ്പിച്ചാല്‍ സുരക്ഷ ക്രമീകരണങ്ങള്‍ക്ക് വേണ്ടത്ര ശ്രദ്ധ നല്‍കുവാനാകില്ലെന്നാണ് ബോര്‍ഡ് അറിയിച്ചത്. ബോര്‍ഡിനോട് വിവിധ സുരക്ഷ ഏജന്‍സികള്‍ ഈ കാലഘട്ടത്തില്‍ തങ്ങള്‍ക്ക് സമയം ഉണ്ടാകില്ലെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു.

ഫ്രാഞ്ചൈസികള്‍ക്കും ഒക്ടോബറില്‍ ലീഗ് കളിക്കുന്നതിനോട് യോജിപ്പില്ലായിരുന്നു. പല ഫ്രാഞ്ചൈസികളുടെയും ഔദ്യോഗിക ഭാരവാഹികള്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കിലാകുമെന്നതായിരുന്നു അതിനുള്ള കാരണം. കഴിഞ്ഞ ദിവസം സിംബാബ‍്‍വേ പര്യടനത്തിന്റെ ഫിക്സ്ച്ചറുകള്‍ പുറത്ത് വന്നിരുന്നു. മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് പര്യടനത്തിലുണ്ടാവുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial