ത്രിരാഷ്ട്ര പരമ്പരയിലെ ഒറ്റ മത്സരം പോലും ജയിക്കാതെ ബംഗ്ലാദേശ്, പാക്കിസ്ഥാനോട് അവസാന മത്സരത്തിലും തോൽവി

ന്യൂസിലാണ്ടിൽ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയിൽ കളിച്ച നാല് മത്സരത്തിലും തോൽവിയേറ്റ് വാങ്ങി ബംഗ്ലാദേശ്. ഇന്ന് പാക്കിസ്ഥാനെതിരെ അവസാന മത്സരത്തിൽ ബംഗ്ലാദേശ് 173/6 എന്ന ഭേദപ്പെട്ട സ്കോര്‍ നേടിയെങ്കിലും പാക്കിസ്ഥാന്‍ ഒരു പന്ത് അവശേഷിക്കെ 3 വിക്കറ്റ് നഷ്ടത്തിൽ 177 റൺസ് നേടിയാണ് വിജയം കുറിച്ചത്.

ലിറ്റൺ ദാസും(69), ഷാക്കിബ് അൽ ഹസനും(68) ചേര്‍ന്നാണ് 6 വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലാദേശിനെ 173 റൺസിലേക്ക് എത്തിച്ചത്. പാക്കിസ്ഥാന് വേണ്ടി നസീം ഷായും മൊഹമ്മദ് വസീം ജൂനിയറും രണ്ട് വിക്കറ്റ് വീതം നേടി.

അവസാന ഓവറിൽ എട്ട് റൺസ് വേണ്ട പാക്കിസ്ഥാന്‍ രണ്ട് പന്ത് അവശേഷിക്കെ സ്കോറുകള്‍ ഒപ്പമെത്തിച്ചിരുന്നു. അഞ്ചാം പന്തിൽ മൊഹമ്മദ് നവാസ് ബൗണ്ടറി നേടിയാണ് പാക്കിസ്ഥാനെ ഏഴ് വിക്കറ്റ് വിജയത്തിലേക്ക് നയിച്ചത്.

പാക്കിസ്ഥാന് വേണ്ടി മൊഹമ്മദ് റിസ്വാന്‍(69) ബാബര്‍ അസം(55) കൂട്ടുകെട്ട് ഒന്നാം വിക്കറ്റിൽ 101 റംസാണ് നേടിയത്. ബാബറിനെയും ഹൈദര്‍ അലിയെയും പുറത്താക്കി ഹസന്‍ മഹമൂദ് ഒരേ ഓവറിൽ ഇരട്ട പ്രഹരം ഏല്പിച്ചുവെങ്കിലും റിസ്വാനൊപ്പം ക്രീസിലെത്തിയ മൊഹമ്മദ് നവാസ് മത്സരം പാക് പക്ഷത്തേക്ക് തിരിച്ചു.

താരം 20 പന്തിൽ നിന്ന് പുറത്താകാതെ 45 റൺസാണ് നേടിയത്.