ദക്ഷിണാഫ്രിക്കന്‍ മണ്ണിൽ ആദ്യ വിജയം നേടി ബംഗ്ലാദേശ്

സെഞ്ചൂറിയണിൽ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ 38 റൺസിന് പരാജയപ്പെടുത്തി ബംഗ്ലാദേശ്. ടീമിന്റെ ടോപ് ഓര്‍ഡര്‍ ബാറ്റിംഗ് മികവിൽ 314/7 എന്ന സ്കോര്‍ നേടിയ ശേഷം എതിരാളികളെ 48.5 ഓവറിൽ 276 റൺസിന് ഓള്‍ഔട്ട് ആക്കിയാണ് ബംഗ്ലാദേശ് വിജയം കൈവരിച്ചത്. ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ ബംഗ്ലാദേശിന്റെ ആദ്യ വിജയം കൂടിയാണ് ഇത്.

86 റൺസ് നേടിയ റാസ്സി വാന്‍ ഡെര്‍ ഡൂസ്സനും 79 റൺസ് നേടിയ ഡേവിഡ് മില്ലറും ക്രീസിലുണ്ടായിരുന്നപ്പോള്‍ ദക്ഷിണാഫ്രിക്ക വിജയ പ്രതീക്ഷ പുലര്‍ത്തിയെങ്കിലും മറ്റു താരങ്ങളിൽ നിന്ന് ശ്രദ്ധേയമായ പ്രകടനം വരാത്തതതാണ് ടീമിന് തിരിച്ചടിയായത്.

ബംഗ്ലാദേശിനായി മെഹ്ദി ഹസന്‍ നാലും ടാസ്കിന്‍ അഹമ്മദ് മൂന്നും ഷൊറിഫുള്‍ ഇസ്ലാം രണ്ടും വിക്കറ്റ് നേടി.