കാംഫെറിന്റെ ഓള്‍റൗണ്ട് പ്രകടനത്തെ പുകഴ്ത്തി അയര്‍ലണ്ട് ക്യാപ്റ്റന്‍

Sports Correspondent

അയര്‍ലണ്ടിന്റെ യുവതാരം കര്‍ടിസ് കാംഫെറിന്റെ പ്രകടനത്തെ പുകഴ്ത്തി അയര്‍ലണ്ട് ക്യാപ്റ്റന്‍ ആന്‍ഡ്രൂ ബാല്‍ബിര്‍ണേ. 21 വയസ്സുകാരന്‍ യുവതാരം ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ മത്സരത്തിലാണ് അരങ്ങേറ്റം കുറിച്ചത്. രണ്ട് മത്സരങ്ങളിലും ടീം തകര്‍ന്നപ്പോള്‍ രക്ഷയ്ക്കെത്തിയത് കര്‍ടിസ് കാംഫെര്‍ ആയിരുന്നു.

ഇരു മത്സരങ്ങളിലും അര്‍ദ്ധ ശതകം നേടിയ താരം ബൗളിംഗിലും തിളങ്ങുകയുണ്ടായി. ഈ പ്രകടനത്തെയാണ് അയര്‍ലണ്ട് ക്യാപ്റ്റന്‍ പ്രശംസിച്ചത്. താരം ഇപ്പോള്‍ ഏഴാം നമ്പറിലാണ് ബാറ്റ് ചെയ്യുന്നതെങ്കിലും ഈ പ്രകടനങ്ങള്‍ താരത്തെ മുകളിലോട്ട് പരീക്ഷിക്കുവാനുള്ള സമ്മര്‍ദ്ദം സൃഷ്ടിക്കുന്നുണ്ടെന്ന് ബാല്‍ബിര്‍ണേ വ്യക്തമാക്കി.

തങ്ങളെ മാന്യമായ സ്കോറിലേക്ക് എത്തിയ്ക്കുകയും ബൗളിംഗിലും തിളങ്ങുകയും ചെയ്ത താരത്തിന്റെ പ്രകടനം പ്രശംസനീയമാണെന്നും ബാല്‍ബിര്‍ണേ വ്യക്തമാക്കി.