ഒരു ലക്ഷ്യവും ഇംഗ്ലണ്ടിനു വലുതല്ല, 359 റണ്‍സ് 45 ഓവറിനുള്ളില്‍ നേടി ടീം

പാക്കിസ്ഥാന്‍ നല്‍കിയ 359 റണ്‍സ് ലക്ഷ്യം 44.5 ഓവറില്‍ 4 വിക്കറ്റുകളുടെ നഷ്ടത്തിലാണ് ഇംഗ്ലണ്ട് മറികടന്നത്. പാക്കിസ്ഥാന് വേണ്ടി 151 റണ്‍സ് നേടിയ ഇമാം ഉള്‍ ഹക്കിന്റെ പ്രകടനത്തെ മറികടക്കുന്ന പ്രകടനവുമായി ജോണി ബൈര്‍സ്റ്റോ-ജേസണ്‍ റോയ് കൂട്ടുകെട്ടിനൊപ്പം മധ്യ നിരയും അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ ഇംഗ്ലണ്ടിന്റെ ജയം അനായാസമായി മാറുകയായിരുന്നു.

159 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ ഇംഗ്ലണ്ട് നേടിയത്. 55 പന്തില്‍ 8 ഫോറും 4 സിക്സും സഹിതം ജേസണ്‍ റോയ് 76 റണ്‍സ് നേടിയപ്പോള്‍ ജോണി ബൈര്‍സ്റ്റോ 93 പന്തില്‍ നിന്ന് 128 റണ്‍സ് നേടി കളിയിലെ താരമായി മാറി. ബൈര്‍സ്റ്റോ പുറത്താകുമ്പോള്‍ 28.4 ഓവറില്‍ നിന്ന് ഇംഗ്ലണ്ട് 234 റണ്‍സാണ് നേടിയിരുന്നത്.

തുടര്‍ന്ന് ജോ റൂട്ട്(43), ബെന്‍ സ്റ്റോക്സ്(37), മോയിന്‍ അലി(46*) എന്നിവരോടൊപ്പം ഓയിന്‍ മോര്‍ഗനും(17*) ചേര്‍ന്ന് ഇംഗ്ലണ്ടിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു.