ക്രിക്കറ്റ് മതിയാക്കി ബദ്രീനാഥ്

തമിഴ്നാട് താരവും മുന്‍ ഇന്ത്യന്‍ താരവുമായ സുബ്രമണ്യം ബദ്രീനാഥ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 38 വയസ്സുകാരന്‍ താരം ചെന്നൈ ചെപ്പോക്കിലെ തമിഴ്നാട് ക്രിക്കറ്റ് അസോസ്സിയേഷന്‍ ഹെഡ് ക്വാര്‍ട്ടേഴ്സില്‍ വെച്ച നടത്തിയ പത്ര സമ്മേളനത്തിലാണ് ഇത് വ്യക്തമാക്കിയത്. ഇന്ത്യയയെ 10 അന്താരാഷ്ട്ര മത്സരങ്ങളില്‍ പ്രതിനിധീകരിച്ചിട്ടുള്ള താരമാണ് ബദ്രീനാഥ്.

കൊല്‍ക്കത്തയിലെ ടെസ്റ്റ് അരങ്ങേറ്റത്തില്‍ ആദ്യ ഇന്നിംഗ്സില്‍ അര്‍ദ്ധ ശതകം നേടിയെങ്കിലും പിന്നീടുള്ള പരാജയത്തെത്തുടര്‍ന്ന് ഇന്ത്യയുടെ ശക്തമായ മധ്യനിരയില്‍ തന്റെ സ്ഥാനമുറപ്പിക്കുവാന്‍ താരത്തിനായിരുന്നില്ല. ഏഴ് ഏകദിനങ്ങളിലും ഒരു ടി20യിലും താരം ഇന്ത്യയ്ക്കായി കുപ്പായമണിഞ്ഞു.

2000-01 സീസണില്‍ തമിഴ്നാടിനായി ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം നടത്തിയ താരം 14 സീസണുകള്‍ ടീമിനായി കളിക്കുകയും റണ്‍സ് വാരിക്കൂട്ടുകയും ചെയ്തിരുന്നു. 2014-17 കാലഘട്ടത്തില്‍ വിദര്‍ഭ, ഹൈദ്രാബാദ് എന്നിവര്‍ക്ക് വേണ്ടിയും താരം കളിച്ചു.