ആദ്യ ഇന്നിംഗ്സിലെ ശ്രീലങ്കന്‍ ആധിപത്യത്തിന് ശേഷം പാക്കിസ്ഥാന്‍ രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റുകളുമായി തിരിച്ചടിച്ചുവെങ്കിലും ആദ്യ ദിവസം ഭേദപ്പെട്ട നിലയില്‍ അവസാനിപ്പിച്ച് ശ്രീലങ്ക. റാവല്‍പിണ്ടിയില്‍ ഒന്നാം ദിവസത്തെ കളി വെളിച്ചക്കുറവ് മൂലം നേരത്തെ അവസാനിപ്പിക്കുകയായിരുന്നു. 68.1 ഓവറുകള്‍ മാത്രം എറിഞ്ഞ ആദ്യ ദിവസം 202/5 എന്ന നിലയിലാണ് ശ്രീലങ്ക. 38 റണ്‍സുമായി ധനന്‍ജയ ഡി സില്‍വയും 11 റണ്‍സ് നേടി നിരോഷന്‍ ഡിക്ക്വെല്ലയുമാണ് ക്രീസിലുള്ളത്.
59 റണ്‍സ് നേടിയ ദിമുത് കരുണാരത്നേയും 40 റണ്‍സ് നേടിയ ഒഷാഡ ഫെര്‍ണാണ്ടോയും ഒന്നാം വിക്കറ്റില്‍ 96 റണ്‍സ് നേടി മുന്നേറുന്നതിനിടെയാണ് ശ്രീലങ്കയ്ക്ക് തകര്‍ച്ച നേരിട്ടത്. 31 റണ്‍സ് നേടുന്നതിനിടെ 4 വിക്കറ്റുകള്‍ നഷ്ടമായ ലങ്ക പരുങ്ങലിലായെങ്കിലും ആഞ്ചലോ മാത്യൂസ്-ധനന്‍ജയ ഡി സില്‍വ കൂട്ടുകെട്ട് മത്സരത്തിലേക്ക് ടീമിനെ തിരികെ എത്തിയ്ക്കുകയായിരുന്നു.
അഞ്ചാം വിക്കറ്റില്‍ 62 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 31 റണ്‍സ് നേടിയ മാത്യൂസിനെ യുവ താരം നസീം ഷാ ആണ് പുറത്താക്കിയത്. നസീം ഷാ മത്സരത്തില്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഷഹീന്‍ അഫ്രീദി, ഉസ്മാന്‍ ഷിന്‍വാരി, മുഹമ്മദ് അബ്ബാസ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
കുശല്‍ മെന്‍ഡിസ്(10), ദിനേശ് ചന്ദിമല്‍(2) എന്നിവരാണ് റണ്‍സ് കണ്ടത്താനാകാതെ പുറത്തായ ശ്രീലങ്കന്‍ താരങ്ങള്‍.