ആവേശകരമായ അവസാന ഓവറിൽ കറാച്ചിയിൽ കടന്ന് കൂടി പാക്കിസ്ഥാൻ, കോട്ട കാത്ത് ബാബർ അസമും മുഹമ്മദ് റിസ്വാനും

കറാച്ചിയിൽ പാക്കിസ്ഥാൻ നായകൻ ബാബർ അസമിന്റെ പ്രതിരോധം ഭേദിച്ച ഓസ്ട്രേലിയയ്ക്ക് മുന്നിൽ വിലങ്ങ് തടിയായി മുഹമ്മദ് റിസ്വാന്‍. അവസാന സെഷനിലേക്ക് മത്സരം കടക്കുമ്പോള്‍ 310/4 എന്ന നിലയിലായിരുന്ന പാക്കിസ്ഥാനെ നഥാൻ ലയൺ ഞെട്ടിക്കുകയായിരുന്നു.

196 റൺസ് നേടിയ ബാബ‍ർ അസമിനെയും ഫഹീം അഷ്റഫിനെയും അടുത്തടുത്ത പന്തുകളിൽ വീഴ്ത്തി ലയൺ ടീമിനെ 392/4 എന്ന നിലയിൽ നിന്ന് 392/6 എന്ന നിലയിലേക്ക് തള്ളിയിടുകയായിരുന്നു. ബാബർ പുറത്താകുമ്പോള്‍ 12 ഓവറുകളായിരുന്നു പാക്കിസ്ഥാൻ നേരിടേണ്ടിയിരുന്നത്. പിന്നീട് വാലറ്റത്തെ കൂട്ടുപിടിച്ച് പൊരുതി നിന്ന റിസ്വാന്‍ ആണ് പാക്കിസ്ഥാനെ പരാജയത്തിൽ നിന്ന് കരകയറ്റിയത്.

പിന്നീട് 9 റൺസ് നേടിയ സാജിദ് ഖാനെയും ലയൺ വീഴ്ത്തിയപ്പോള്‍ പാക്കിസ്ഥാന്‍ 9 ഓവറുകളോളം ആയിരുന്നു അതിജീവിക്കേണ്ടിയിരുന്നത്. ഇതിനിടെ നാല് ഓവ‍ർ മാത്രം മത്സരത്തിൽ അവശേഷിക്കവെ മുഹമ്മദ് റിസ്വാന്റെ ക്യാച്ച് ഓവറിലെ അവസാന പന്തിൽ ഉസ്മാൻ ഖവാജ കൈവിട്ടത് പാക്കിസ്ഥാന് തുണയായി.