അസ്ഹറിനാകാമെങ്കില്‍ തനിക്കായാലെന്തെന്ന് ചോദിച്ച് ശ്രീശാന്ത്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

തനിക്ക് തന്നിരിക്കുന്ന ശിക്ഷ ഏറെ കടുത്തതാണെന്നും തന്നെ വീണ്ടും കളിക്കളത്തിലേക്ക് മടങ്ങിയെത്തുവാന്‍ അനുവാദം നല്‍കണമെന്നും സുപ്രീം കോടതിയില്‍ അറിയിച്ച് മലയാളിയും മുന്‍ ഇന്ത്യന്‍ താരവുമായ ശ്രീശാന്ത്. തനിക്ക് 36 വയസ്സായെന്നും തന്റെ സമയം അവസാനിക്കുകയാണെന്നും തനിക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും ശ്രീശാന്തിനു വേണ്ടി അഭിഭാഷകര്‍ അറിയിക്കുകയായിരുന്നു.

ട്രയല്‍ കോടതി സ്പോട്ട് ഫിക്സിംഗ് കേസില്‍ ശ്രീശാന്തിനെ കുറ്റ വിമുക്തനാക്കിയതാണെന്നും ആജീവനാന്ത വിലക്ക് ഒഴിവാക്കി കളത്തിലേക്ക് മടങ്ങി വരുവാനുള്ള അവസരം താരത്തിനു നല്‍കണമെന്നും ശ്രീശാന്തിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ സല്‍മാന്‍ ഖുര്‍ഷിദ് വാദിക്കുകയായിരുന്നു. പ്രാദേശിക ക്ലബ്ബുകള്‍ക്ക് പോലും കളിക്കാനാകാത്ത ആജീവനാന്ത വിലക്ക് ഏറെ കടുപ്പമാണെന്നും അഭിഭാഷകന്‍ പറഞ്ഞു. ശ്രീശാന്തിനപ്പം പേര് വന്ന താരങ്ങളുടെ വിലക്ക് 3-5 വര്‍ഷം വരെയായിരുന്നുവെന്നും താരത്തിനു മാത്രം എന്തിനാണ് ഇത്തരത്തില്‍ കടുത്ത ശിക്ഷയെന്നും അദ്ദേഹം വാദിച്ചു.

മുഹമ്മദ് അസ്ഹറുദ്ദീനെ സമാനമായ രീതിയില്‍ വിലക്ക് ഏര്‍പ്പെടുത്തിയെങ്കിലും പിന്നീട് ഹൈദ്രാബാദ് ക്രിക്കറ്റ് അസോസ്സിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുവാന്‍ ബിസിസിഐ അനുവദിച്ചിരുന്നു. സിഒഎയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞത് ക്രിക്കറ്റിലെ കൊള്ളരുതായ്മയില്‍ നിന്ന് ആളുകളെ പിന്തിരിപ്പിക്കുവാനുള്ള കടുത്ത ശിക്ഷയാണിതെന്നാണ്. ഇത് മറ്റുള്ളവര്‍ക്കുള്ള മുന്നറിയിപ്പാണ്.