റണ്‍ വരളച്ചയ്ക്ക് അറുതി വരുത്തിയ അസ്ഹര്‍ അലിയ്ക്ക് രണ്ടാം ഇന്നിംഗ്സിലും അവസരത്തിനൊത്തുയരാനാകുമോ?

- Advertisement -

പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍സി മാത്രമല്ല ടീമിലെ സ്ഥാനം തന്നെ അസ്ഹര്‍ അലിയ്ക്ക് നഷ്ടമായേക്കുമെന്ന നിലയിലായിരുന്നു സൗത്താംപ്ടണിലെ മൂന്നാം ടെസ്റ്റിന് മുമ്പ് പാക്കിസ്ഥാന്‍ നായകന്‍ അസ്ഹര്‍ അലി. പരമ്പരയില്‍ ഈ ഇന്നിംഗ്സിന് മുമ്പ് 38 റണ്‍സാണ് അസ്ഹര്‍ അലി നേടിയത്. കഴിഞ്ഞ 18 ടെസ്റ്റുകളിലാകട്ടെ 25 റണ്‍സ് ശരാശരി മാത്രമാണ് താരം നേടിയത്.

എന്നാല്‍ പാക്കിസ്ഥാന് വേണ്ടി സൗത്താംപ്ടണിലെ ആദ്യ ഇന്നിംഗ്സില്‍ അപരാജിതനായി നിന്ന അസ്ഹര്‍ അലി 141 റണ്‍സാണ് നേടിയത്. ടീം ഓള്‍ഔട്ട് ആയി ഫോളോ ഓണിന് വിധേയരായെങ്കിലും അസ്ഹര്‍ അലി തന്റെ കരിയര്‍ രക്ഷിച്ചെടുത്തുവെന്ന് ഉറപ്പാക്കി. താരത്തിന് ടെസ്റ്റ് മത്സരം രക്ഷിക്കുവാന്‍ ഇനി ഇതിലും വലിയ പ്രകടനം രണ്ടാം ഇന്നിംഗ്സില്‍ നടത്തേണ്ടതുണ്ട്.

പാക്കിസ്ഥാന്‍ താരങ്ങളായ ഷാന്‍ മസൂദ്, ആബിദ് അലി, മുഹമ്മദ് റിസ്വാന്‍ ബാബര്‍ അസം എന്നിവരെല്ലാം പാക്കിസ്ഥാന് വേണ്ടി ഫോമിന്റെ സൂചനകള്‍ പരമ്പരയില്‍ പല ഘട്ടത്തിലായി കാണിച്ചിരുന്നു. എന്നാല്‍ പലരും ഒറ്റയാള്‍ പോരാട്ടങ്ങളാണ് പുറത്തെടുത്തത്. സൗത്താംപ്ടണിലെ രണ്ടാം ഇന്നിംഗ്സില്‍ ഇവരില്‍ നിന്ന് സംയുക്തമായ ഒരു പ്രകടനം വരികയാണെങ്കില്‍ ടെസ്റ്റ് സമനിലയിലാക്കുവാന്‍ സാധിച്ചേക്കും. എന്നാലും പരമ്പര സമനിലയിലാക്കുക എന്നത് അപ്രാപ്യമായ കാര്യം തന്നെയായി തുടരും.

Advertisement