“ഏറ്റവും വേഗത്തിൽ 100 ടെസ്റ്റ് വിക്കറ്റുകൾ തികക്കുന്ന താരമായി അക്‌സർ പട്ടേൽ മാറും”

Axar Patel India Test

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 100 വിക്കറ്റുകൾ തികക്കുന്ന താരമായി ഇന്ത്യൻ സ്പിന്നർ അക്‌സർ പട്ടേൽ മാറുമെന്ന് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ് അക്തർ. ഇംഗ്ലണ്ടിനെതിരായ അരങ്ങേറ്റ പരമ്പരയിൽ അക്‌സർ പട്ടേൽ മികച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെയാണ് ഷൊഹൈബ് അക്തർ താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മൂന്ന് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 27 വിക്കറ്റുകളാണ് അക്‌സർ പട്ടേൽ വീഴ്ത്തിയത്.

അക്‌സർ പട്ടേൽ ഇംഗ്ലണ്ട് ബാറ്റ്സ്മാൻമാർക്ക് ഒരു അവസരവും നൽകിയില്ലെന്നും ഇത്തരത്തിലുള്ള പരമ്പരകൾ താരത്തിന് ലഭിച്ചാൽ ഏറ്റവും വേഗത്തിൽ 100 ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന താരമായി അക്‌സർ പട്ടേൽ മാറുമെന്നും അക്തർ പറഞ്ഞു. പലരും മത്സരത്തിന് ഒരുക്കിയ പിച്ചിനെ പറ്റി കുറ്റം പറയുമെങ്കിലും അതെ പിച്ചിൽ തന്നെയാണ് ഇന്ത്യൻ ടീം 365 റൺസ് നേടിയതെന്നും അക്തർ പറഞ്ഞു.

റിഷഭ് പന്തിനും വാഷിംഗ്‌ടൺ സുന്ദറിനും ഈ പിച്ചിൽ റൺസ് കണ്ടെത്താൻ കഴിയുമെങ്കിൽ എന്ത് കൊണ്ട് ഇംഗ്ലണ്ട് ബാറ്റ്സ്മാൻമാർക്ക് കഴിയുന്നില്ല എന്ന ചോദ്യവും അക്തർ ചോദിച്ചു. ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം ഇന്ത്യക്കെതിരായ പരാജയം നാണക്കേട് ഉണ്ടാക്കുന്ന ഒന്നാണെന്നും സ്പിന്നിനെ തുണയ്ക്കുന്ന ഇന്ത്യൻ പിച്ചുകളിൽ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് ഇംഗ്ലണ്ട് പഠിക്കണമെന്നും അക്തർ പറഞ്ഞു.