നെറ്റ് ബൗളറായി ആവേശ് ഖാൻ ഇന്ത്യൻ ടീമിനൊപ്പം ചേരും

ഡൽഹി ക്യാപിറ്റൽസ് ഫാസ്റ്റ് ബൗളർ ആവേശ് ഖാൻ ഇന്ത്യൻ ടീമിന്റെ നെറ്റ് ബൗളറായി യു.എ.ഇയിൽ തന്നെ തുടരും. താരത്തെ ടീമിന്റെ നെറ്റ് ബൗളറായി യു.എ.ഇയിൽ നിലനിർത്താൻ ബി.സി.സി.ഐ തീരുമാനിക്കുകയായിരുന്നു. നേരത്തെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിൽ സ്റ്റാൻഡ് ബൈ താരമായി ആവേശ് ഖാനെ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ പരിക്കിനെ തുടർന്ന് താരം പരമ്പര പൂർത്തിയാകാതെ തിരിച്ചുവരുകയായിരുന്നു.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന് വേണ്ടി പുറത്തെടുത്ത മികച്ച പ്രകടനമാണ് താരത്തിന് ഇന്ത്യൻ ടീമിനൊപ്പം ചേരാൻ അവസരം ഒരുക്കിയത്. സ്ഥിരമായി 145 കിലോമീറ്റർ പന്തെറിയുന്ന ആവേശ് ഖാൻ ഈ സീസണിൽ ഡൽഹി ക്യാപിറ്റൽസിന് വേണ്ടി 23 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. നേരത്തെ കാശ്മീർ ഫാസ്റ്റ് ബൗളർ ഉംറാൻ മാലിക്കിനെയും നെറ്റ് ബൗളറായി ഇന്ത്യൻ ടീമിനൊപ്പം ഉൾപ്പെടുത്തിയിരുന്നു.