ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പാകിസ്ഥാന് തകർച്ച. ടോസ് നേടി ആദ്യ ബാറ്റ് ചെയ്ത പാകിസ്താനെ ഓസ്ട്രേലിയ 240 റൺസിന് ഓൾ ഔട്ട് ആക്കുകയായിരുന്നു. മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാനാവാതെ പോയതാണ് പാകിസ്ഥാന് തിരിച്ചടിയായത്. ഒരു ഘട്ടത്തിൽ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 75 റൺസിൽ നിന്ന് 78 റൺസിന് 4 വിക്കറ്റ് എന്ന നിലയിലേക്ക് പാകിസ്ഥാൻ തകരുകയായിരുന്നു.
മധ്യ നിരയിൽ വാലറ്റത്തെ കൂട്ടുപിടിച്ച് അസദ് ഷഫീഖ് നടത്തിയ പോരാട്ടമാണ് പാകിസ്ഥാൻ സ്‌കോർ 200 കടത്തിയത്. അസദ് ഷഫീഖ് 76 റൺസ് എടുത്ത് കമ്മിൻസിന് വിക്കറ്റ് നൽകി മടങ്ങി. വാലറ്റത്ത് 37 റൺസ് എടുത്ത മുഹമ്മദ് റിസ്‌വാനും 26 റൺസ് എടുത്ത യാസിർ ഷായും അസദിന് മികച്ച പിന്തുണ നൽകി. പാകിസ്ഥാന് വേണ്ടി ഷാൻ മസൂദ് 27 റൺസും അസ്ഹർ അലി 39 റൺസുമെടുത്ത് പുറത്തായി.
ഓസ്‌ട്രേലിയക്ക് വേണ്ടി 4 വിക്കറ്റ് എടുത്ത സ്റ്റാർക്ക് ആണ് ബൗളർമാരിൽ തിളങ്ങിയത്. കമ്മിൻസ് മൂന്ന് വിക്കറ്റും ഹസൽവുഡ് രണ്ട് വിക്കറ്റുമെടുത്ത് സ്റ്റാർക്കിന് മികച്ച പിന്തുണ നൽകി.