ഓസ്ട്രേലിയക്ക് എതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ 4-0ന് തോൽക്കുമെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ

അഡ്ലെയ്ഡിൽ നടക്കുന്ന ഡേ നൈറ്റ് ടെസ്റ്റ് ഇന്ത്യ പരാജയപെടുകയാണെങ്കിൽ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ 4-0ന് പരാജയപ്പെടുമെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കിൾ വോൺ. മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹസൽവുഡ്, പാറ്റ് കമ്മിൻസ് എന്നിവരടങ്ങുന്ന ബൗളിംഗ് നിരയെ തടയാൻ ഇന്ത്യക്ക് കഴിയണമെന്നും അല്ലാത്ത പക്ഷം ഇന്ത്യക്ക് ഓസ്ട്രേലിയയെ മറികടക്കാൻ കഴിയില്ലെന്നും മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ പറഞ്ഞു.

പരമ്പരയിലെ ആദ്യ മത്സരമായ പിങ്ക് ബോൾ ടെസ്റ്റ് വളരെ നിർണായകമാണെന്നും പിങ്ക് ബോളിൽ ഓസ്ട്രേലിയയെ ഇതുവരെ ആരും തോൽപ്പിച്ചിട്ടില്ലെന്നും വോൺ പറഞ്ഞു. ഇന്ത്യ ആദ്യ ടെസ്റ്റ് തോൽക്കുകയും തുടർന്ന് അവസാന മൂന്ന് ടെസ്റ്റുകളിൽ വിരാട് കോഹ്‌ലിയുടെ സേവനം നഷ്ടമാവുകയും ചെയുന്ന ഘട്ടത്തിൽ ഇന്ത്യ 4-0ന് ഓസ്ട്രേലിയയോട് ടെസ്റ്റ് പരമ്പര പരാജയപ്പെടുമെന്നും വോൺ പറഞ്ഞു.

രണ്ട് വർഷം മുൻപ് ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ്മ, അശ്വിൻ എന്നിവരടങ്ങിയ ഇന്ത്യയുടെ ബൗളിംഗ് മികച്ചതായിരുന്നെന്നും വോൺ പറഞ്ഞു. ബാറ്റിങ്ങിൽ ചേതേശ്വർ പൂജാരയും മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ പറഞ്ഞു. എന്നാൽ നിലവിൽ ഓസ്‌ട്രേലിയൻ ടീം മികച്ച ടീം ആണെന്നും ടിം പെയ്ൻ ക്യാപ്റ്റൻ എന്ന നിലയിൽ ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ടെന്നും വോൺ പറഞ്ഞു.