ഓസ്ട്രേലിയയ്ക്ക് 94 റണ്‍സ് ലീഡ്, റണ്ണൗട്ടുകള്‍ വിനയായി, ഇന്ത്യ 244 റണ്‍സിന് പുറത്ത്

Sports Correspondent

180/4 എന്ന നിലയില്‍ ലഞ്ചിന് ശേഷം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ തകര്‍ച്ച നേരിട്ടപ്പോള്‍ ടീം ഓസ്ട്രേലിയയ്ക്കെതിരെ 94 റണ്‍സ് ലീഡ് വഴങ്ങി. ഇന്ത്യ 244 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 36 റണ്‍സ് നേടിയ പന്തിനെ ഹാസല്‍വുഡ് പുറത്താക്കിയപ്പോള്‍ അര്‍ദ്ധ ശതകം തികച്ചയുടനെ പുജാരയും പവലിയനിലേക്ക് മടങ്ങി. 53 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ നേടിയത്.

നാല് പന്തുകള്‍ക്കിടെയാണ് പന്തിനെയും പുജാരയെയും ഇന്ത്യയ്ക്ക് നഷ്ടമായത്. 195/4 എന്ന നിലയില്‍ നിന്ന് ടീം 195/6 എന്ന നിലയിലേക്ക് വീണു. അതിന് ശേഷം രവീന്ദ്ര ജഡേജ പുറത്താകാതെ 28 റണ്‍സ് നേടിയെങ്കിലും വാലറ്റത്തില്‍ രണ്ട് റണ്ണൗട്ടുകള്‍ കൂടി വന്നപ്പോള്‍ ഇന്ത്യയുടെ ഇന്നിംഗ്സ് 244 റണ്‍സില്‍ അവസാനിച്ചു.

പാറ്റ് കമ്മിന്‍സ് നാല് വിക്കറ്റുമായി ഓസീസ് ബൗളര്‍മാരില്‍ തിളങ്ങിയപ്പോള്‍ ഹാസല്‍വുഡ് രണ്ട് വിക്കറ്റ് നേടി.