അഡ്‌ലെയ്ഡ് ഓവലിൽ നടന്ന മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ 82 റൺസിന് തകർത്ത് ഓസ്‌ട്രേലിയ ആഷസ് കിരീടം നിലനിർത്തി. 435 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് അവസാന ദിനം 352 റൺസിന് പുറത്തായതോടെയാണ് അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 3-0 എന്ന അപരാജിത ലീഡ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്.

അവസാന ഘട്ടത്തിൽ മൂന്ന് നിർണ്ണായക വിക്കറ്റുകൾ വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കിന്റെ പ്രകടനവും സ്‌കോട്ട് ബോളണ്ടിന്റെ പന്തിൽ ജോഷ് ടംഗിനെ പുറത്താക്കാൻ മാർനസ് ലബുഷെയ്ൻ എടുത്ത തകർപ്പൻ ക്യാച്ചുമാണ് ഓസീസിന്റെ വിജയം വേഗത്തിലാക്കിയത്.
ഇംഗ്ലണ്ടിനായി ജാമി സ്മിത്ത് (60), വിൽ ജാക്സ് (47) എന്നിവർ പൊരുതിയെങ്കിലും ഓസ്‌ട്രേലിയൻ ബൗളിംഗ് നിരയെ പ്രതിരോധിക്കാൻ അവർക്കായില്ല. മത്സരത്തിനിടെ പരിക്കേറ്റ നഥാൻ ലിയോണിന്റെ അഭാവത്തിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ഓസീസ് കരുത്ത് കാട്ടി. ഇതോടെ മെൽബണിലും സിഡ്നിയിലും നടക്കാനിരിക്കുന്ന അവസാന രണ്ട് മത്സരങ്ങൾ വെറും ചടങ്ങായി മാറി. സ്വന്തം മണ്ണിൽ ഓസ്‌ട്രേലിയൻ ടീം പുലർത്തുന്ന ആധിപത്യം ഒരിക്കൽ കൂടി തെളിയിക്കുന്നതായി ഈ വിജയം.









