ഇന്നിംഗ്സ് ജയം, പാകിസ്ഥാനെ വീണ്ടും നാണം കെടുത്തി ഓസ്ട്രേലിയ

Photo: Twitter/@cricketcomau

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ പാകിസ്ഥാന് ഇന്നിംഗ്സ് തോൽവി. ഒരു ഇന്നിങ്സിനും 48 റൺസിനുമാണ് ഓസ്ട്രേലിയ പാകിസ്ഥാനെ തോൽപ്പിച്ചത്. പരമ്പരയിലെ ആദ്യ മത്സരത്തിലും ഓസ്ട്രേലിയ പാക്കിസ്ഥാനെ ഇന്നിങ്സിന് തോൽപ്പിച്ചിരുന്നു. ഇതോടെ രണ്ടു മത്സരങ്ങളുള്ള പരമ്പര 2-0ന് തുത്തുവാരാനും ഓസ്‌ട്രേലിയ്ക്കായി.

ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയ നേടിയ 589 റൺസ് എന്ന കൂറ്റൻ സ്കോറിന് മറുപടിയായി പാകിസ്ഥാൻ ആദ്യ ഇന്നിങ്സിൽ 302 റൺസിനും രണ്ടാം ഇന്നിങ്സിൽ 239 റൺസിനും ഓൾ ഔട്ട് ആവുകയായിരുന്നു. ഓസ്‌ട്രേലിയക്ക് വേണ്ടി ട്രിപ്പിൾ സെഞ്ചുറി നേടിയ ഡേവിഡ് വാർണറുടെ പ്രകടനമാണ് ആദ്യ ഇന്നിങ്സിൽ കൂറ്റൻ സ്കോർ സമ്മാനിച്ചത്.

തുടർന്ന് ആദ്യ ഇന്നിഗ്‌സിൽ യാസിർ ഷാ സെഞ്ചുറി നേടിയെങ്കിലും 97 റൺസ് എടുത്ത ബാബർ അസമിനൊഴികെ ആരും ഓസ്‌ട്രേലിയൻ ബൗളിംഗ് നിരയെ പരീക്ഷിച്ചില്ല. ഫോളോ ഓൺ വഴങ്ങി രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ഇറങ്ങിയ പാകിസ്ഥാൻ ഓസ്‌ട്രേലിയൻ ബൗളിങ്ങിന് മുൻപിൽ പൊരുതാൻ പോലും ശ്രമിക്കാതെ കീഴടങ്ങുകയായിരുന്നു.

68 റൺസ് എടുത്ത ഷാൻ മസൂദും 57 റൺസ് എടുത്ത അസദ് ഷഫീഖും മാത്രമാണ് കുറച്ചെങ്കിലും ചെറുത്തുനിന്നത്. ഓസ്‌ട്രേലിയക്ക് വേണ്ടി നാഥാൻ ലിയോൺ അഞ്ച് വിക്കറ്റും ഹസൽവുഡ് മൂന്ന് വിക്കറ്റും വീഴ്ത്തി.

Previous articleകളിക്കാൻ അവസരം കിട്ടിയാൽ ബാഴ്‌സലോണ വിടില്ലെന്ന് റാകിറ്റിച്ച്
Next article“കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ കുറച്ചു കൂടെ പക്വത കാണിക്കണം” – ഇഷ്ഫാഖ്